തിരുവനന്തപുരം: ഇന്ത്യ - ഓസ്ട്രേലിയ ഗ്ലാമർ ടി20 പോരാട്ടത്തിനൊരുങ്ങി തലസ്ഥാനം (India vs Australia 2nd T20I). നാളെ (നവംബര്‍ 26) നടക്കാനിരിക്കുന്ന രണ്ടാം ടി20 ക്രിക്കറ്റ് മത്സരത്തിനായുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം (Karyavattom Greenfield Stadium). പിച്ചും ഔട്ട്ഫീൽഡും പൂർണ സജ്ജം. ബാറ്റിങ്ങിനെ അനുകൂലിക്കുന്ന പിച്ചിൽ വെടിക്കെട്ട് പ്രകടനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ഒന്നര മാസങ്ങൾക്ക് മുൻപ് ലോകകപ്പ് സന്നാഹ മത്സരങ്ങൾക്കായി സ്റ്റേഡിയം സജ്ജമാക്കിയതിനാൽ ഇക്കുറി കാര്യമായ അറ്റകുറ്റപ്പണികൾ വേണ്ടിവന്നില്ല. മാണ്ഡ്യ ക്ലേയിലെ പിച്ചാണ് മത്സരത്തിനായി ഒരുക്കിയിരിക്കുന്നത്. ബാറ്റിങ്ങിനെ അനുകൂലിക്കുന്ന പിച്ച് ആയതിനാൽ റൺസ് ഒഴുകുമെന്നാണ് അധികൃതർ പറയുന്നത്.
ഔട്ട് ഫീൽഡിലെ മിനുക്കുപണികളും പൂർത്തിയായി. ഇരിപ്പിടങ്ങൾ കഴുകി വൃത്തിയാക്കി. മൈതാനത്തിന് ചുറ്റും പരസ്യം പതിപ്പിക്കുന്നതിന് എൽഇഡി വാളുകളും സജ്ജീകരിച്ചു.
മൈതാനത്തിലേക്കുള്ള പ്രവേശന കവാടത്തിലെ സുരക്ഷ പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങൾ ഒരുക്കുന്ന ജോലിയും അവസാനഘട്ടത്തില്‍. ബിസിസിഐ അധികൃതർ എത്തി പിച്ചും സ്റ്റേഡിയത്തിലെ ഒരുക്കങ്ങളും വിലയിരുത്തി.
ഇന്നലെ തിരുവനന്തപുരത്ത് എത്തിയ ഇരു ടീമുകളും ഇന്ന് പരിശീലനത്തിന് ഇറങ്ങി. ഓസ്ട്രേലിയ ഉച്ചയ്ക്ക് ഒരു മണി മുതൽ നാല് മണിവരെയും ഇന്ത്യ 5 മണി മുതൽ 8 മണിവരെയുമാണ് പരിശീലനത്തിറങ്ങുക. ഇന്ത്യക്ക് ഹോട്ടൽ ഹയാത്ത് റീജൻസിയിലും ഓസ്ട്രേലിയയ്ക്ക് താജ് വിവാന്തയിലുമാണ് താമസസൗകര്യമൊരുക്കിയിരിക്കുന്നത്.
മഴപ്പേടി കാരണം ടിക്കറ്റ് വിൽപ്പന മന്ദഗതിയിലാണ്. നാൽപതിനായിരത്തോളം പേർക്ക് കളി കാണാനുള്ള അവസരമാണ് ഒരുക്കിയതെങ്കിലും 7,000 ഓളം ടിക്കറ്റുകൾ മാത്രമാണ് വിറ്റുപോയത്. കൂടുതൽ ടിക്കറ്റുകൾ വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
വിശാഖപട്ടണത്ത് നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ രണ്ട് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ചരിത്ര ജയം സ്വന്തമാക്കിയാണ് ടീം ഇന്ത്യ തിരുവനന്തപുരത്തേക്ക് എത്തയിരിക്കുന്നത്. ആദ്യത്തെ കളിയില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രലിയ 208 റണ്‍സ് നേടി. ഓസീസിന് വേണ്ടി ജോഷ് ഇംഗ്ലിസ് 50 പന്തില്‍ 110 റണ്‍സ് നേടിയിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ടീം ഇന്ത്യ 19.5 ഓവറിലാണ് വിജയലക്ഷ്യം മറികടന്നത്. ടി20 ക്രിക്കറ്റില്‍ ഇന്ത്യ റണ്‍സ് പിന്തുടര്‍ന്ന് നേടുന്ന ഏറ്റവും വലിയ വിജയമാണിത്. വിശാഖപട്ടണത്ത് നായകന്‍ സൂര്യകുമാര്‍ യാദവിന്‍റെയും (42 പന്തില്‍ 80) ഇഷാന്‍ കിഷന്‍റെയും (39 പന്തില്‍ 58) അര്‍ധസെഞ്ച്വറി പ്രകടനങ്ങളായിരുന്നു ഇന്ത്യയുടെ ചരിത്ര ജയത്തിന് ചുക്കാന്‍ പിടിച്ചത്.
Also Read: 'അടുത്ത് വന്ന് സംസാരിക്കുന്ന ആദ്യത്തേയോ രണ്ടാമത്തേയോ വ്യക്തി'; രോഹിത്തിന്‍റെ പിന്തുണയെക്കുറിച്ച് സഞ്‌ജു സാംസണ്‍