ന്യൂഡല്‍ഹി : പദ്‌മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയും ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ വിപി അപ്പുക്കുട്ടന്‍ പൊതുവാളിന് പദ്‌മശ്രീ. ഒആര്‍എസ് ലായനി വികസിപ്പിച്ച ഡോ. ദിലീപ് മഹലനാബിസിന് പദ്‌മവിഭൂഷണ്‍. രത്തൻ ചന്ദ്രകർ, ഹീരാഭായ് ലോബി, മുനീശ്വർ ചന്ദർ ദാവർ എന്നിവരും പദ്‌മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.
91 പേര്‍ക്കാണ് ആകെ പദ്‌മശ്രീ ലഭിച്ചത്. അതില്‍, നാല് മലയാളികളാണ് ഇടംപിടിച്ചത്. അപൂര്‍വ ഇനം നെല്ലുകളുടെ സമ്പാദകനും കര്‍ഷകനുമായ ചെറുവയല്‍ രാമന്‍, ചരിത്രകാരന്‍ സിഐ ഐസക് എന്നിവര്‍ ഈ പട്ടികയിലുണ്ട്. ഒന്‍പത് പേര്‍ക്കാണ് പദ്‌മവിഭൂഷണ്‍. എസ്‌എം കൃഷ്‌ണ, മുലായം സിങ് യാദവ്, തബല ഇതിഹാസം സക്കീര്‍ ഹുസൈന്‍, ഗായിക വാണി ജയറാം, വ്യവസായി കെഎം ബിര്‍ള തുടങ്ങിയവരാണ് പദ്‌മവിഭൂഷണ്‍ പട്ടികയില്‍ ഇടംപിടിച്ചത്.
ഗാന്ധിയെ നേരില്‍ക്കണ്ടത് വഴിത്തിരിവായി: 1942ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ പങ്കെടുത്ത വിപി അപ്പുക്കുട്ടന്‍ പൊതുവാളിന് 99 വയസുണ്ട്. ഖാദിപ്രചാരകൻ, എഴുത്തുകാരൻ തുടങ്ങിയ മേഖലകളിലും അദ്ദേഹം ശ്രദ്ധേയമായ സാന്നിധ്യം അറിയിച്ചു. 1934 ജനുവരി 12ന് ഗാന്ധിയെ നേരില്‍ കാണാനും പ്രസംഗം കേൾക്കാനും ഇടയായത് വഴിത്തിരിവായി. ഉപ്പുസത്യഗ്രഹ ജാഥ നേരിട്ടുകണ്ടതാണ് സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമാകുന്നതിലേക്ക് എത്തിച്ചത്.
സംസ്‌കൃത പണ്ഡിതനായ അദ്ദേഹം പിന്നാക്ക വിഭാഗത്തിന്‍റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ്. കോളറ അടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കുകയും അഞ്ച് കോടിയോളം പേരുടെ ജീവൻ രക്ഷിക്കാൻ നിര്‍ണായക സംഭാവന നല്‍കുകയും ചെയ്യുന്ന തരത്തില്‍ ഒആർഎസ് ലായനി കണ്ടെത്തിയ വ്യക്തിത്വമാണ് ദിലീപ് മഹലനാബിസ്. മരണാനന്തര ബഹുമതിയായാണ് അദ്ദേഹത്തിന് പദ്‌മവിഭൂഷണ്‍ പുരസ്‌കാരം നല്‍കുന്നത്.
പദ്‌മശ്രീ ലഭിച്ചവരില്‍ രണ്ട് പാമ്പുപിടുത്തക്കാരും : ആന്‍ഡമാന്‍ നിക്കോബാർ ദ്വീപുകളിൽ നിന്നുള്ള ഡോ. രതൻ ചന്ദ്ര കൗർ, ഗുജറാത്ത് സ്വദേശി ഹിരാബായ് ലോബി, മധ്യപ്രദേശിൽ നിന്നുള്ള ഡോ മുനീശ്വർ ചന്ദെർ ദവർ, അസമിലെ ഹീറോ ഓഫ് ഹെരക എന്ന രാംകുയ്‌വാങ്ബെ നെവ്മെ, ആന്ധ്ര സ്വദേശിയും സാമൂഹ്യപ്രവർത്തകനുമായ ശങ്കുരാത്രി ചന്ദ്രശേഖർ, തമിഴ്‌നാട് സ്വദേശികളും പാമ്പുപിടുത്തക്കാരുമായ വടിവേൽ ഗോപാല്‍, മാസി സദയന്‍, സിക്കിമിൽ നിന്നുള്ള തുല രാം ഉപ്രേതി, ഹിമാചൽ സ്വദേശി ജൈവ കൃഷിക്കാരൻ നെക്രാം ശർമ, ഝാർഖണ്ഡിൽ നിന്നുള്ള എഴുത്തുകാരൻ ജനും സിങ് സോയി എന്നിവരും പദ്‌മശ്രീ പട്ടികയിലുണ്ട്.
പട്ടികയില്‍ കലാകാരി റാണി മച്ചൈയും : പുറമെ, പശ്ചിമ ബംഗാളിൽ നിന്നുള്ള ധനിരാം ടോടോ, തെലങ്കാനയിൽ നിന്നുള്ള ഭാഷാവിദഗ്‌ധന്‍ ബി രാമകൃഷ്‌ണ റെഡ്ഡി, ഛത്തീസ്‌ഗഡിലെ അജയ് കുമാർ മണ്ടവി, കർണാടകയിലെ നാടോടി നൃത്ത കലാകാരി റാണി മച്ചൈയ, മിസോറാം ഗായിക കെസി രുൺരെംസാംഗി, മേഘാലയയിലെ നാടൻ വാദ്യ കലാകാരൻ റിസിങ്ബോർ കുർകലാങ്, പശ്ചിമ ബംഗാളിലെ മംഗല കാന്തി റോയ്, നാഗാലാന്‍ഡിലെ മോവ സുബോങ്, കർണാടക സ്വദേശി മുനിവെങ്കടപ്പ, ഛത്തീസ്‌ഗഡ് സ്വദേശി ദൊമർ സിങ് കുൻവർ തുടങ്ങിയവരും ഈ പട്ടികയില്‍ ഇടംപിടിച്ചു.