തിരുവനന്തപുരം: കെഎസ്ഇബി ചെയർമാൻ ഡോക്ടർ ബി.അശോകിനെതിരെ അനിശ്ചിതകാല സമരവുമായി ഭരണാനുകൂല യൂണിയനുകൾ. സി.ഐ.ടി.യു, എ.ഐ.ടി.യു.സി തുടങ്ങിയ യൂണിയനുകളുടെ നേതൃത്വത്തിലാണ് കെഎസ്ഇബി ആസ്ഥാനത്തിനു മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്. ചെയർമാന്‍ തൊഴിലാളി വിരുദ്ധ ഏകാധിപത്യ പ്രവണതകൾ കാണിക്കുന്നു എന്ന് ആരോപിച്ചാണ് യൂണിയനുകൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
ജീവനക്കാരുടെ യൂണിഫോമുകൾ പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും നടത്താതെ ചെയർമാൻ ഏകപക്ഷീയമായ തീരുമാനം എടുക്കുന്നു. കമ്മീഷൻ ഉറപ്പിച്ച് വാങ്ങിയ യൂണിഫോം ജീവനക്കാരെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. ഡാമുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുത ഉത്പാദാനം നടത്തുന്ന പദ്ധതി ബോർഡിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. അനാവശ്യമായി 1,800 ഇലക്ട്രിക് വാഹനം വാങ്ങുന്നു തുടങ്ങിയ ആരോപണങ്ങളാണ് ചെയർമാനെതിരെ യൂനിയനുകൾ ഉന്നയിക്കുന്നത്.
യൂണിയനുകളുടെ പ്രവർത്തനം തടസ്സപ്പെടുത്താനാണ് കെഎസ്ഇബി ഒഫീസ് സുരക്ഷാ ചുമതല കേന്ദ്ര വ്യവസായ സേനയെ ഏൽപ്പിച്ചതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ചെർമാൻ്റെ തൊഴിലാളി വിരുദ്ധ തീരുമാനങ്ങൾ പിൻവലിക്കുന്നതു വരെ അനിശ്ചിതകാല സമരം തുടരാനാണ് യൂണിയനുകളുടെ തീരുമാനം.
ALSO READ: സിൽവർ ലൈൻ പദ്ധതിയിൽ സർക്കാരിന് ആശ്വാസം; സര്‍വേ നടപടികളുമായി മുന്നോട്ട് പോകാം