ന്യൂഡല്‍ഹി: ഒമിക്രോണിന്‍റെ വ്യാപനം സംസ്ഥാനത്തും കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടാക്കുകയാണ്. ക്രിസ്‌മസിന് സംസ്‌ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ധിച്ചു തുടങ്ങി. പുതുവര്‍ഷ ആഘോഷവും കഴിഞ്ഞതോടെ വര്‍ധനവിന്‍റെ തോത് ക്രമാതീതമായി ഉയരുകയാണ്.
ജനുവരിയിലെ ആദ്യ ആറ് ദിവസം പിന്നിടുമ്പോള്‍ 11,437 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. 25,157 പേരാണ് സംസ്ഥാനത്ത് നിലവില്‍ കൊവിഡ് പോസിറ്റീവായി ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ കഴിയുന്നത്.
ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് എറണാകുളം ജില്ലയില്‍
5,043 പേരാണ് എറണാകുളത്ത് കൊവിഡ് ചികിത്സയിലുളളത്. തിരുവനന്തപുരത്ത് 3,410 പേരും കോഴിക്കോട് 3,359 പേരും ചികിത്സയിലുണ്ട്. നിലവിലെ ടിപിആര്‍ 6.08 ആണ്. ഇത്രയും ഉയര്‍ന്ന നിരക്കിലേക്ക് ടിപിആര്‍ എത്തിയത് രണ്ട് ദിവസം കൊണ്ടാണ് എന്നതാണ് ഏറെ ഗുരുതരം.
രോഗബാധിതര്‍ കൂടുതലുളള തിരുവനന്തപുരം, എറണാകുളം ജില്ലകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ടിപിആര്‍ 10ന് മുകളിലെത്തിയാല്‍ ഒമിക്രോണ്‍ വ്യാപനം നടന്നുവെന്ന് നിഗമനത്തിലെത്താമെന്നാണ് നിലവില്‍ വിദഗ്ദ്ധര്‍ സര്‍ക്കാറിന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ ജില്ല ഭരണകൂടങ്ങള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ സജ്ജമാക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
രോഗബാധിതരാകുന്നവരില്‍ ഭൂരിഭാഗവും ഗുരുതരാവസ്ഥയിലാകുന്നില്ല എന്നതാണ് നിലവിലെ അനുഭവം. അതുകൊണ്ട് തന്നെ വീടുകളില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ച് ചികിത്സ ഉറപ്പാക്കാനാണ് ശ്രമം. ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഹോം കെയര്‍ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.
രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ സിഎഫ്എല്‍ടിസികളും സജ്ജമാക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുമെത്തിയ 16 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുമെത്തിയ 64 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചുണ്ട്.
ALSO READ:കൊവിഡ് 'സുനാമി'; രാജ്യത്ത് ലക്ഷം കടന്ന് രോഗബാധിതർ
ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ കര്‍ശനമായ ക്വാറന്‍റൈന്‍ ഉറപ്പാക്കിയെങ്കിലും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്ക് നിരീക്ഷണത്തില്‍ കര്‍ശന നിയന്ത്രണം ഉറപ്പ് വരുത്തിയിരുന്നില്ല. ഇതാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ കാരണം എന്നാണ് വിലയിരുത്തല്‍.
ഒമിക്രോണിന്‍റെ അതിതീവ്ര വ്യാപന ശേഷി കണക്കിലെടുത്താല്‍ രോഗബാധിതരുടെ എണ്ണം വേഗത്തില്‍ വര്‍ധിക്കും. അതില്‍ ഒരു ശതമാനം പേരെയെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുമെന്നാണ് കൊവിഡ് അവലോകന സമിതിയുടെ വിലയിരുത്തല്‍. ഇതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ക്കാണ് ആരോഗ്യവകുപ്പ് നടപടി തുടങ്ങിയിരിക്കുന്നത്.