തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് നടത്തിയ ആള്‍മാറാട്ട വിഷയത്തില്‍ ഡിജിപിക്ക് പരാതി നല്‍കി കെഎസ്‌യു. കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി ജയിച്ച മൂന്നാം വര്‍ഷം ബികോം വിദ്യാര്‍ഥിനിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകയുമായ അനഘയുടെ പേര് മാറ്റി ഒന്നാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ഥിയും എസ്എഫ്‌ഐ കാട്ടാക്കട ഏരിയ സെക്രട്ടറിയുമായ വിശാഖിന്‍റെ പേരd കൃത്രിമമായി ചേര്‍ത്തുവെന്നാണ് പരാതി.
ഈ കഴിഞ്ഞ ഡിസംബര്‍ മാസമായിരുന്നു കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അനഘയും രണ്ടാം വര്‍ഷ ബിഎസ്‌സി ഫിസിക്‌സ് വിദ്യാര്‍ഥി ആരോമലും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി (യുയുസി)ജയിച്ചത്. എന്നാല്‍ കൗണ്‍സിലര്‍മാരുടെ പേരുകള്‍ കോളജില്‍ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് നല്‍കിയപ്പോള്‍ അനഘയ്ക്ക് പകരം വിശാഖിന്‍റെ പേര് വന്നുവെന്നാണ് കെഎസ്‌യു ആരോപിക്കുന്നത്. വിശാഖിനെ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ പദവിയില്‍ എത്തിക്കാന്‍ വേണ്ടിയാണ് ആള്‍മാറാട്ടം നടത്തിയത് എന്നാണ് ആരോപണം.
ഈ വരുന്ന 26നാണ് സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. കോളജുകളില്‍ നിന്നും ജയിച്ചുവരുന്ന യുയുസിമാരില്‍ നിന്നാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുക. 171 യുയുസിമാരാണ് കേരള സര്‍വകലാശാലയില്‍ ഉള്ളത്. തെരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടവും കൃത്രിമവും നടത്തിയവര്‍ക്കെതിരെ വേണ്ട വകുപ്പുകള്‍ ചേര്‍ത്ത് നടപടിയെടുക്കണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവിയര്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.