തിരുവനന്തപുരം: കോര്‍പറേഷനിലെ കത്ത് വിവാദം വിശദമായി പരിശോധിക്കാന്‍ സിപിഎം വിളിച്ചു ചേര്‍ത്ത അടിയന്തര യോഗം നാളെ. തിരുവനന്തപുരം ജില്ല കമ്മിറ്റി, ജില്ല സെക്രട്ടേറിയറ്റ് യോഗങ്ങളാണ് വിളിച്ചു ചേര്‍ത്തിരിക്കുന്നത്. താത്‌കാലിക നിയമനത്തിനുള്ള പട്ടിക ആവശ്യപ്പെട്ടുള്ള മേയറുടെ കത്ത് പുറത്തുവിട്ടതിനു പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
പരസ്യമായി സിപിഎം ഇക്കാര്യം സമ്മതിക്കുന്നില്ലെങ്കിലും ഇതിലെ എല്ലാ വശങ്ങളും പരിശോധിക്കാനാണ് നീക്കം. വിശദമായ പരിശോധന വേണമെന്ന് സംസ്ഥാന നേതൃത്വം, ജില്ല ഘടകത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്.
കത്ത് താന്‍ എഴുതിയതല്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ സിപിഎം ജില്ല സെക്രട്ടറിയായ ആനാവൂര്‍ നാഗപ്പന് വിശദീകരണം നല്‍കി. വ്യാജ കത്തിനെതിരെ നിയമ നടപടി എടുക്കുമെന്നും ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കി. പൊലീസില്‍ പരാതി നല്‍കാന്‍ പാര്‍ട്ടി ആര്യക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സിറ്റി പൊലീസ് കമ്മിഷണര്‍ക്കോ മ്യൂസിയം പൊലീസിലോ ആണ് മേയര്‍ പരാതി നല്‍കുക. വ്യാജ ഒപ്പും, സീലില്ലാത്ത ലെറ്റര്‍പാഡും ഉണ്ടാക്കി കത്ത് പ്രചരിപ്പിച്ചെന്ന് കാട്ടിയാകും പരാതി നല്‍കുക. മേയര്‍ എഴുതി എന്ന് പറയപ്പെടുന്ന കത്ത് തനിക്ക് കിട്ടിയിട്ടില്ല എന്ന നിലപാട് സിപിഎം ജില്ല സെക്രട്ടറി ഇന്നും ആവര്‍ത്തിച്ചു. കത്ത് വിവാദത്തില്‍ മേയര്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കിയിരുന്നു.
Also Read: 'കത്ത് താന്‍ തയ്യാറാക്കിയതല്ല': വിവാദ കത്തിൽ പാർട്ടിക്ക് വിശദീകരണം നൽകി മേയർ ആര്യ രാജേന്ദ്രൻ