തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബ് വസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം തള്ളി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (Indian Medical Association-IMA) കേരള ഘടകം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഏഴ് എംബിബിഎസ് വിദ്യാര്‍ഥികളായിരുന്നു ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്. എന്നാല്‍, ലോകത്തെല്ലായിടത്തും ആശുപത്രികളിലെ ഓപ്പറേഷന്‍ തിയേറ്ററിലെ പ്രധാന വ്യക്തി രോഗിയാണ്. എല്ലായിടങ്ങളിലും അവര്‍ക്ക് അണുബാധ ഉണ്ടാകാതിരിക്കാനുള്ള പ്രോട്ടോക്കോള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും ഐഎംഎ കേരള ഘടകം പ്രസിഡന്‍റ് സുള്‍ഫി എം നൂഹു പറഞ്ഞു. ഇക്കാര്യം എല്ലാവരും അംഗീകരിച്ച് മുന്നോട്ട് പോകണമെന്നാണ് ഐഎംഎ കേരള ഘടകത്തിന്‍റെ നിലപാട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ 26നായിരുന്നു മെഡിക്കല്‍ ധാര്‍മ്മികതയ്ക്കും പെരുമാറ്റച്ചട്ടത്തിനും വിരുദ്ധമായതെന്ന് പൊതുവെ വിലയിരുത്തപ്പെട്ട ആവശ്യം ഉന്നയിച്ച് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. സര്‍ജറി സമയത്ത് ലോങ് സ്ലീവ് സ്‌ക്രബ് ജാക്കറ്റ്, ഹിജാബ് പോലെ മുഖം മറയ്ക്കുന്ന തരത്തിലുള്ള സര്‍ജിക്കല്‍ ഹൂഡ് എന്നിവ ധരിക്കാന്‍ അനുവാദം നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടികാട്ടി ഏഴ് വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ലിനറ്റ് ജെ മോറിസിന് കത്ത് നല്‍കുകയായിരുന്നു.
പിന്നാലെ ഈ സംഭവം ദേശീയ തലത്തില്‍ ഉള്‍പ്പടെ ചര്‍ച്ചയായി. 2018, 2021, 2022 ബാച്ചുകളിലെ വിദ്യാര്‍ഥികളാണ് കോളജ് പ്രിന്‍സിപ്പാളിന് കത്ത് നല്‍കിയത്. അഫീഫ എന്‍ എ എന്ന വിദ്യാര്‍ഥിയുടെ നേതൃത്വത്തിലായിരുന്നു കത്ത് കൈമാറിയത്.
മതവിശ്വാസം അനുസരിച്ച് ഹിജാബ് നിര്‍ബന്ധമാണ്. ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ തലമറയ്‌ക്കാന്‍ അനുവദിക്കുന്നില്ല. മതവിശ്വാസപ്രകാരം എല്ല സാഹചര്യങ്ങളിലും മുസ്ലീം സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധമാണ് എന്നുമായിരുന്നു വിദ്യാര്‍ഥിനികള്‍ കത്തില്‍ വ്യക്തമാക്കിയത്.
അതേസമയം, മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കത്ത് ലഭിച്ച് സാഹചര്യത്തില്‍ വിഷയം പരിശോധിക്കാന്‍ ഒരു വിദഗ്‌ധ സമിതിയെ രൂപീകരിക്കുമെന്ന് കോളസ് പ്രിന്‍സിപ്പാള്‍ ഡോ. ലിനറ്റ് ജെ മോറിസ് പറഞ്ഞിരുന്നു. ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഫുള്‍സ്ലീവ് വസ്‌ത്രങ്ങള്‍ ധരിക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാര്‍ഥികളെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലായിപ്പോഴും അണുവിമുക്തം ആയിരിക്കേണ്ട സ്ഥലമാണ് ഓപ്പറേഷന്‍ തിയേറ്ററുകള്‍.
സര്‍ജറി സമയങ്ങളില്‍ കൈമുട്ടിന് താഴേക്ക് എപ്പോഴും ശുചീകരണം നടത്തേണ്ടതുണ്ട്. അതുകൊണ്ടാണ് ഹാഫ് സ്ലീവ് വസ്‌ത്രങ്ങള്‍ ഉപയോഗിക്കുപ്പെടുന്നത്. ശസ്‌ത്രക്രിയകള്‍ നടക്കുന്ന സമയങ്ങളില്‍ അണുവിമുക്തമായ അന്തരീക്ഷം ഉറപ്പാക്കാന്‍ ആഗോളതലത്തില്‍ തന്നെ സ്വീകരിക്കുന്ന ചില മാനദണ്ഡങ്ങള്‍ ഉണ്ട്.
ഒരു രോഗിയിലേക്ക് അണുബാധ എത്താതിരിക്കാന്‍ വേണ്ടി ഇവയെല്ലാം തന്നെ കൃത്യമായി ചെയ്യണം. വിദ്യാര്‍ഥികളുടെ ആവശ്യത്തില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീമിനോട് ഉള്‍പ്പടെ ചര്‍ച്ച നടത്തിയ ശേഷം മാത്രം ആയിരിക്കും തീരുമാനം എടുക്കുന്നത്. പത്ത് ദിവസത്തിനുള്ളില്‍ തന്നെ കത്തിന് മറുപടി നല്‍കുമെന്ന് വിദ്യാര്‍ഥികളെ അറിയിച്ചിട്ടുണ്ടെന്നും ലിനറ്റ് ജെ മോറിസ് വ്യക്തമാക്കിയിരുന്നു.
ആഗോളതലത്തില്‍ തന്നെ പാലിക്കപ്പെടുന്ന മാനദണ്ഡങ്ങള്‍ പ്രകാരം ശസ്‌ത്രക്രിയ നടക്കുന്ന സമയത്ത് ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഡോക്‌ടർമാർ കൈകളില്‍ ആഭരണങ്ങള്‍ ഒന്നും ഉപയോഗിക്കാന്‍ പാടില്ല. തിയറ്ററിനുള്ളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് കൈകള്‍ പൂര്‍ണമായും വൃത്തിയാക്കണം, ത്വക്ക് രോഗമുള്ള ഡോക്‌ടര്‍മാര്‍ ശസ്‌ത്രക്രിയകള്‍ക്ക് എത്തരുത് എന്നിങ്ങനയുള്ള കര്‍ശന നിര്‍ദേശങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു വിദ്യാര്‍ഥികള്‍ പ്രത്യേക ആവശ്യവുമായി രംഗത്തെത്തിയത്.
Also Read : ഹിജാബ് ധരിച്ച ഡ്യൂട്ടി ഡോക്‌ടറോട് വസ്‌ത്രത്തെ ചൊല്ലി അധിക്ഷേപം; ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്ത് പൊലീസ്