തിരുവനന്തപുരം: ചെന്നൈ ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്ന് സര്‍ക്കാര്‍. ഫാത്തിമയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിജിപി തമിഴ്‌നാട് ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു. തുടർന്ന് സംസ്ഥാന പൊലീസ് മേധാവി തമിഴ്‌നാട് ഡിജിപിയുമായും ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ വിശ്വനാഥന്‍ ഐപിഎസുമായും ബന്ധപ്പെട്ടതായി മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി ജി.സുധാകരന്‍ സഭയില്‍ മറുപടി നല്‍കി. എ.നൗഷാദിന്‍റെ സബ്‌മിഷന് മറുപടിയായാണ് സര്‍ക്കാര്‍ ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്.
അന്വേഷണം ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചതായി തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്. സിബിഐയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വനിത അഡീഷണല്‍ എസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതലയെന്നും സിബിഐയില്‍ പ്രവര്‍ത്തനപരിചയമുള്ള ആളാണെന്നും തമിഴ്‌നാട് അറിയിച്ചതായി മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.