തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനവും സിനിമകൾ കാണാൻ ഡെലിഗേറ്റുകളുടെ നീണ്ടനിര. ടാഗോർ തിയേറ്ററിൽ രാവിലെ ഒന്‍പതിന് നദാവ് ലാപിഡ് സംവിധാനം ചെയ്‌ത 'അഹെദ്‌സ് നീ' (Ahed's Knee) ചിത്രം പ്രദർശിപ്പിച്ചു. സമ്മിശ്ര പ്രേക്ഷക പ്രതികരണമാണ് ഈ സിനിമയ്‌ക്ക് ലഭിക്കുന്നത്.
തന്‍റെ ചിത്രം പ്രദർശിപ്പിക്കുന്നതിനായി മരുഭൂമിയുടെ അറ്റത്തുള്ള കുഗ്രാമത്തിൽ ഇസ്രായേലി സംവിധായകൻ എത്തിച്ചേരുന്നു. അവിടെ വച്ച് ഇയാൾ സ്വാതന്ത്ര്യത്തിനുവേണ്ടിയും തൻ്റെ അമ്മയുടെ ജീവനുവേണ്ടിയും പോരാടുന്ന സാംസ്‌കാരിക മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ പരിചയപ്പെടുന്നു. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൻ്റെ കഥാപശ്ചാത്തലം.
"ഓരോ രാജ്യത്തും ഭരണകൂടങ്ങൾ ജനങ്ങൾക്കെതിരെ, ആ നാട്ടിലെ സംസ്‌കാരത്തിനെതിരെ, പഴയകാല വ്യവസ്ഥയ്ക്കെതിരെ എങ്ങനെ തുരങ്കം വയ്ക്കുന്നു എന്നതിന് ഉദാഹരണമാണ് ഈ ചിത്രം." ഡെലിഗേറ്റായ സച്ചിദാനന്ദൻ പറയുന്നു. പ്രേക്ഷകർ കണ്ടിരിക്കേണ്ട ചിത്രമാണിതെന്നാണ് പൊതുവെയുള്ള പ്രേക്ഷക പ്രതികരണം. 2021 കാൻസ് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടിയ ചിത്രമാണിത്. ഷായ് ഗോൾഡ്‌മാന്‍ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകന്‍.