തിരുവനന്തപുരം: 28 -ാം രാജ്യാന്തര ചലച്ചിത്ര മേളക്ക് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ കരമന തളിയൽ അരശുമൂട്ടിലെ തന്‍റെ വീട്ടിൽ അംഗീകാരങ്ങളുടെ ഫലകങ്ങൾ തയ്യാറാക്കുന്നതിന്‍റെ തിരക്കിലാണ് പത്മകുമാർ (IFFK Momentos Making In Progress). രാജ്യാന്തര ചലച്ചിത്ര മേളയുടെ 27 എഡിഷനുകളിലും ഫലകങ്ങൾ തയ്യാറാക്കിയത് പത്മകുമാറാണ്.
ഇത്തവണ അവാർഡുകളുടെ അവസാന വട്ട മിനുക്കു പണികൾക്കിടെയാണ് സംഘാടകർ അപ്രതീക്ഷിതമായ നിർദേശം നൽകുന്നത്. മേളയിൽ എത്തുന്ന അതിഥികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. മുൻപ് പറഞ്ഞിരുന്ന 100 ഫലകങ്ങൾക്ക് പകരം 150 എണ്ണം വേണ്ടി വരും. ഇതോടെ പണികൾ തകൃതിയായി. അവസാന വട്ട മിനുക്കു പണികളോടൊപ്പം പുതുതായി 50 എണ്ണം കൂടി തയ്യാറാക്കണം.
ചെറുപ്പം മുതൽ ശില്‍പങ്ങൾ ഒരുക്കുന്ന അച്‌ഛനോടൊപ്പമിരുന്നാണ് പത്മകുമാർ ശിൽപിയാകുന്നത്. ഗുരുവും അച്ഛൻ തന്നെ. താൻ പഠിച്ച വിദ്യ മക്കളെയും പഠിപ്പിക്കണമെന്നുണ്ട്. എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ രണ്ട് ആൺമക്കളും ഇടയ്ക്ക് സഹായത്തിനും കൂടും.
ഒരു സ്‌പിരിറ്റ് ഓഫ് സിനിമ അവാർഡ്, ഒരു ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്, രണ്ട് സുവർണചകോരം, 5 രജതചകോരം, 150 ചെറുശില്‍പങ്ങൾ എന്നിവയാണ് ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്ര മേളയ്ക്കായി പത്മകുമാർ ഒരുക്കുന്നത്. ഒരു നാടാകെ ഉത്സവ ലഹരി തേടിയെത്തുന്ന ചലച്ചിത്ര മേളയ്ക്ക് നിറം പകരുന്നത് പത്മകുമാറിനെ പോലെയുള്ള പിന്നണി പ്രവർത്തകരാണെന്ന് നിസ്സംശയം പറയാം.
Read More: ജിഷ്‌ണു 'മനസിലും പിന്നെ മൊബൈലിലും കണ്ട ചിത്രങ്ങൾ': ഐഎഫ്എഫ്കെയിലെ വ്യത്യസ്ത കാഴ്‌ച