തിരുവനന്തപുരം: ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡെലിഗേറ്റുകളെയും സിനിമാപ്രവര്‍ത്തകരെയും ചലച്ചിത്ര പ്രേമികളെയും വരവേല്‍ക്കാന്‍ നഗരം ഒരുങ്ങിക്കഴിഞ്ഞു. പന്ത്രണ്ടായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനവേദിയായ ടാഗോര്‍ തിയേറ്ററടക്കം 14 തിയേറ്ററുകളിലായി 73 രാജ്യങ്ങളില്‍ നിന്നുള്ള 186 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനിൽക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
വിവിധ തിയേറ്ററുകളിലായി 8,998 സീറ്റുകളാണ് മേളയ്ക്കായി സജ്ജമാക്കിയിട്ടുള്ളത്. 3500 സീറ്റുകളുള്ള ഓപ്പണ്‍ തിയേറ്റര്‍ ആയ നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദര്‍ശന വേദി. മിഡ്നൈറ്റ് സ്‌ക്രീനിങ് ചിത്രമായ ഡോര്‍ലോക്ക് ഉള്‍പ്പെടെയുള്ള പ്രധാന ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും. മേളയുടെ നാലാം ദിനം രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുക. ബാര്‍ക്കോ ഇലക്ട്രോണിക്‌സിന്റെ നൂതനമായ ലേസര്‍ ഫോസ്ഫര്‍ ഡിജിറ്റല്‍ പ്രൊജക്ടറാണ് ഇത്തവണ നിശാഗന്ധിയില്‍ പ്രദര്‍ശനത്തിനുപയോഗിക്കുന്നത്. അതേ ഗുണനിലവാരമുള്ള പുതിയ സ്‌ക്രീനും ഉപയോഗിക്കും. ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന- സമാപന ചടങ്ങുകള്‍ നടക്കുന്നതും നിശാഗന്ധിയിലാണ്.
സില്വനര്‍ സ്‌ക്രീന്‍ 4കെ പ്രൊജക്ഷന്‍ സംവിധാനം ഉള്ള ഏക തിയേറ്ററായ ടാഗോറില്‍ 900 ലധികം സീറ്റുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കൈരളി, ശ്രീ, നിള എന്നിവയിലായി 1013 സീറ്റുകളും കലാഭവനില്‍ 410 സീറ്റുകളും ലഭ്യമാകും. സിനിമകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍, ഓണ്‍ലൈന്‍ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. റിസര്‍വേഷന്‍ സീറ്റുകളിലെ പ്രവേശനത്തിന് ശേഷമേ മറ്റു പ്രതിനിധികള്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ഭിന്നശേഷിക്കാര്‍ക്കും എഴുപത് കഴിഞ്ഞവര്‍ക്കും ക്യൂ നില്‍ക്കേണ്ടതില്ല .ഭിന്നശേഷിക്കാര്‍ക്കായി തിയേറ്ററുകളില്‍ റാമ്പ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ഇരുന്നൂറ്റി അമ്പതോളം വനിതാ വൊളന്‍റിയര്‍മാരുടെ സേവനവും ലഭ്യമാകും. ഡെലിഗേറ്റുകള്‍ക്കുള്ള പാസ് വിതരണം ഡിസംബര്‍ നാലിന് ആരംഭിക്കും. ഒഴിവുള്ള പാസുകള്‍ക്കായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടരുകയാണ്.1500 രൂപയാണ് എല്ലാ വിഭാഗങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ ഫീസായി ഈടാക്കുന്നത്.