തിരുവനന്തപുരം : രാജ്യാന്തര ചലച്ചിത്രമേളയിൽ കാഴ്‌ചാവിരുന്നൊരുക്കി മത്സര ചിത്രങ്ങൾ. പ്രണയം, അധിനിവേശം, നിലനിൽപ്പിനുവേണ്ടിയുള്ള ചെറുത്തുനിൽപ്പ്, വിപ്ലവം, മരണം എന്നിങ്ങനെയുള്ള പ്രമേയങ്ങളെ ആസ്‌പദമാക്കിയ മത്സര ചിത്രങ്ങളാണ് നാലാം ദിനം പ്രദർശിപ്പിച്ചത്. വേളാങ്കണ്ണിയിലേക്ക് യാത്ര ചെയ്യുന്ന തീർഥാടകർക്കിടയിൽ യാത്രാമദ്ധ്യേ ഉണ്ടാവുന്ന അസ്വാഭാവികതകളെ കേന്ദ്രീകരിച്ച് മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത 'നൻപകൽ നേരത്ത് മയക്കം' ഇന്നലെ ആദ്യ പ്രദർശനം നടത്തി.
റോമി മെയ്‌ടൽ മായങ്ങലമ്പം സംവിധാനം ചെയ്ത 'ഔർ ഹോം' ആണ് മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ആദ്യ ചിത്രം. ടാൻസാനിയയിലെ ബ്രിട്ടീഷ് കോളനിവത്കരണത്തിന്‍റെ അവസാന ഘട്ടത്തിന്‍റെ പശ്ചാത്തലത്തിൽ നടക്കുന്ന പ്രണയ കഥയായ 'ടഗ് ഓഫ് വാറും' പ്രദർശിപ്പിച്ചു. മരണത്തെ കേന്ദ്ര ബിന്ദുവാക്കി പരസ്‌പര ബന്ധിതമായ വേറിട്ട ആഖ്യാനവഴികളെ കൂട്ടിയിണക്കുന്ന കിം ക്യുബൂൾ സംവിധാനം ചെയ്‌ത 'മെമ്മറി ലാൻഡും' ഐമർ ലബാക്കി സംവിധാനം ചെയ്‌ത കോർഡിയലി യുവേഴ്‌സും മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ചു.
മഹേഷ് നാരായണൻ സംവിധാനം ചെയ്‌ത 'അറിയിപ്പ്', മറീന എർ ഗോർബെച്ച് സംവിധാനം ചെയ്‌ത 'ക്ലോഡൈക്ക്', മെഹ്‌ദി ഗസൻഫാരി സംവിധാനം ചെയ്‌ത 'ഹൂപോയി' എന്നീ ചിത്രങ്ങൾ രണ്ടാമതും മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ചു.