തിരുവനന്തപുരം: അനന്തപുരിക്ക് ഇനി സിനിമയുടെ ഉത്സവകാലം. ലോക സിനിമയെ തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുവരുന്ന മഹാമേളയ്ക്ക് വൈകിട്ട് ആറ് മണിക്ക് നിശാഗന്ധി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ 24-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് തിരിതെളിയിച്ചു. ഐഎഫ്എഫ്കെയുടെ സ്വാധീനം മലയാള സിനിമയിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കിയെന്നും കേരളത്തിന്‍റെ ചലച്ചിത്രമേള വ്യക്തമായ രാഷ്ട്രീയ നിലപാടാണ് പ്രഖ്യാപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ നടി ശാരദ മുഖ്യാഥിതിയായി. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍, ജൂറി ചെയർമാൻ ഖൈറി ബെഷാറ, ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ചലചിത്ര അക്കാദമി വൈസ് ചെയർപേഴ്‌സണും മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടറുമായ ബീന പോൾ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഒരേ സമയം മൂവായിരത്തി അഞ്ഞൂറോളം പേർക്ക് സിനിമ കാണാനാകുന്ന വിധം സജ്ജമാക്കിയ നിശാഗന്ധിയാണ് മേളയിലെ ഏറ്റവും വലിയ വേദി. സെർഹത്ത് കരാസ്ലാൻ സംവിധാനം ചെയ്ത പാസ്ഡ് ബൈ സെൻസറാണ് ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചത് . തുർക്കിഷ് സംവിധായകനായ കരാസ്ലാന്‍റെ ആദ്യ ചിത്രവും ഇന്ത്യയിലെ ചിത്രത്തിന്റെ ആദ്യത്തെ പ്രദർശനവുമാണ് നിശാഗന്ധിയിൽ അരങ്ങേറിയത്.
ചടങ്ങിൽ നടി ശാരദയെ ആദരിച്ചു. കേരളം തനിക്ക് നല്ല ഓർമ്മകളാണ് സമ്മാനിച്ചതെന്നും സിനിമയിലെ സ്ത്രീ മുന്നേറ്റങ്ങൾ സന്തോഷം പകരുന്നുവെന്നും ശാരദ പറഞ്ഞു. ശാരദയുടെ കഥാപാത്രങ്ങൾ 60 കളിലെയും 70 കളിലെയും മലയാളി സ്ത്രീ ജീവിതത്തിന്‍റെ പ്രതിരൂപമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബാര്‍ക്കോ ഇലക്ട്രോണിക്സിന്‍റെ നൂതനമായ ലേസര്‍ ഫോസ്ഫര്‍ ഡിജിറ്റല്‍ പ്രോജക്ടറാണ് ഇത്തവണ നിശാ ഗന്ധിയിൽ പ്രദര്‍ശനത്തിന് ഉപയോഗിക്കുന്നത്. മിഡ്‌നെറ്റ് സ്ക്രീനിങ് ചിത്രമായ ഡോർലോക്ക് ഉൾപ്പടെയുള്ള പ്രധാന ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. മേളയുടെ നാലാം ദിനം രാത്രി 12 മണിക്കാണ് ഡോർലോക്കിന്‍റെ പ്രദര്‍ശനം നടക്കുക.