തിരുവനന്തപുരം : ഇന്ത്യയിൽ നടക്കാൻ പോകുന്ന ലോകകപ്പിന്‍റെ ആവേശത്തിന് മാറ്റ് കൂട്ടാൻ ഐസിസി ട്രോഫി കേരളത്തിൽ. തിരുവനന്തപുരം സെന്‍റ് തോമസ് സെൻട്രൽ സ്‌കൂളിൽ ട്രോഫി എത്തിച്ചപ്പോള്‍ ആഘോഷാരവങ്ങളോടെ വിദ്യാർഥികൾ സ്വീകരിച്ചു. ലോകകപ്പിന്‍റെ പ്രചരണാർഥം രാജ്യത്ത് പര്യടനം നടത്തുന്നതിന്‍റെ ഭാഗമായാണ് ഐസിസി ഏകദിന ലോക കപ്പ് ട്രോഫി എത്തിച്ചത്.
രാജ്യത്തെ തെരഞ്ഞെടുത്ത വിദ്യാഭ്യാസ കേന്ദ്രങ്ങളിലാണ് ഐസിസിയുടെ നേതൃത്വത്തിൽ ലോക കപ്പ് ട്രോഫി പ്രദർശിപ്പിക്കുന്നത്. വിദ്യാർഥികൾക്ക് ക്രിക്കറ്റുമായുള്ള ബന്ധം കൂട്ടുക, ഒക്ടോബർ -നവംബർ മാസങ്ങളിൽ രാജ്യത്ത് നടക്കുന്ന ലോകകപ്പ് മത്സരത്തിന് പ്രചാരം നല്‍കുക എന്നീ ലക്ഷ്യങ്ങളുമായാണ് പ്രദർശനം. മുംബൈ, കൊൽക്കത്ത, എന്നീ നഗരങ്ങളിലെ പ്രദർശനം പൂര്‍ത്തിയാക്കി ഇന്ന് രാവിലെയാണ് തിരുവനന്തപുരം സെന്‍റ് തോമസ് സെൻട്രൽ സ്‌കൂളിലേക്ക് ട്രോഫിയുമായി ഐസിസി സംഘം എത്തിയത്.
സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് പ്രദർശനം. കായിക മേഖലയിൽ സഹോദയ സ്‌കൂളുകളിൽ നിരവധി റെക്കോഡുകൾ ഉള്ള സെന്‍റ് തോമസ് സെൻട്രൽ സ്‌കൂളിലേക്ക് ഒരുമാസം മുൻപ് ഐസിസി പ്രദർശനത്തിന് അനുമതി ചോദിച്ചിരുന്നു. തുടർന്ന് സ്‌കൂൾ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞത് മുതൽ വിദ്യാർഥികളും ആവേശത്തിലായിരുന്നു.
നൃത്ത പരിപാടികളടക്കം ആഘോഷങ്ങളൊരുക്കിയാണ് ട്രോഫിസംഘത്തെ സ്‌കൂളിലേക്ക് സ്വാഗതം ചെയ്തത്. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് പ്രദർശനം. ഐസിസി ജീവനക്കാരും പൊലീസും ഒരുക്കിയ സുരക്ഷാക്രമീകരണത്തിലാണ് ട്രോഫി സ്‌കൂളിൽ പ്രദർശിപ്പിച്ചത്. അടുത്തതായി, വേൾഡ് കപ്പ് ട്രോഫി എറണാകുളത്തേക്ക് എത്തിക്കും.
സ്‌കൂളിലെ വിദ്യാർഥികൾക്കും പൂർവ വിദ്യാർഥികൾക്കുമാണ് ലോക കപ്പ് നേരിൽ കാണാനുള്ള അവസരമുള്ളത്. സ്ക്രീനിൽ കണ്ട ട്രോഫി നേരിൽ കാണുന്നതിനായി സ്‌കൂളിന്‍റെ ഗേറ്റിന് പുറത്ത് നിരവധി ആരാധകർ വന്നിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.
അഹമ്മദാബാദ്, ധർമ്മശാല, ഡൽഹി, ലഖ്‌നൗ, പൂനെ, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത എന്നീ പത്ത് വേദികളിലായാണ് ഏകദിന ലോകകപ്പ് നടക്കുക. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഇന്ത്യയുടേതുള്‍പ്പടെയുള്ള സന്നാഹ മത്സരങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
10 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരയ്‌ക്കുന്നത്. ആതിഥേയരായ ഇന്ത്യയ്‌ക്ക് പുറമെ അഫ്‌ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ ടൂര്‍ണമെന്‍റിനായി നേരിട്ട് യോഗ്യത നേടിയിരുന്നു. ശ്രീലങ്കയും നെതര്‍ലാന്‍ഡ്‌സും യോഗ്യത മത്സരങ്ങള്‍ കളിച്ചാണ് ടൂര്‍ണമെന്‍റില്‍ അവസരം ഉറപ്പിച്ചത്.
സെപ്റ്റംബർ 29 മുതൽ ഒക്ടോബർ മൂന്ന് വരെ നടക്കുന്ന സന്നാഹ മത്സരങ്ങള്‍ക്ക് ശേഷം അഞ്ച് മുതലാണ് പ്രധാന മത്സരങ്ങള്‍ ആരംഭിക്കുക. 10 ടീമുകളും പരസ്‌പരം ഓരോ വീതം കളികളില്‍ ഏറ്റുമുട്ടുന്ന റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍. ആകെ 45 മത്സരങ്ങളാണ് ഈ ഘട്ടത്തില്‍ അരങ്ങേറുക.
ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ക്ക് സെമിയിലേക്ക് മുന്നേറാം. മുംബൈയില്‍ നവംബര്‍ 15-ന് ആദ്യ സെമിയും 16-ന് കൊല്‍ക്കത്തയില്‍ രണ്ടാം സെമിയും നടക്കും. നവംബര്‍ 19-ന് അഹമ്മദാബാദിലാണ് ഫൈനല്‍.