തിരുവനന്തപുരം : രാജ്യത്ത് രജിസ്റ്റര്‍ ചെയ്‌ത രണ്ടാമത്തെ ഹൈഡ്രജന്‍ കാറിന്‍റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് എത്തിച്ച ടൊയോട്ട മിറായ് കാറാണിത്. ഇലക്ട്രിക് വാഹനങ്ങളുടെ മാതൃകയില്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്ന വാഹനത്തിന് KL - 01-CU-7610 എന്ന നമ്പരാണ് നല്‍കിയിരിക്കുന്നത്.
ഹ്രൈഡജന്‍ ഉപയോഗിച്ചുള്ള വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നതിന് മുമ്പുള്ള പഠനങ്ങള്‍ക്കും പരീക്ഷണത്തിനും വേണ്ടിയാണ് കാര്‍ കേരളത്തില്‍ എത്തിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ വാഹനം കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരിയാണ് ഉപയോഗിക്കുന്നത്. വാഹനത്തിന്‍റെ മുന്‍വശത്തുള്ള ഗ്രില്ലിലൂടെ വലിച്ചെടുക്കുന്ന ഓക്‌സിജനും ടാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന ഹൈഡ്രജനും കൂട്ടിയോജിപ്പിച്ച് നിര്‍മിക്കുന്ന വൈദ്യുതി ഉപയോഗിച്ചാണ് വാഹനം പ്രവര്‍ത്തിക്കുന്നത്.
കാര്‍ബണ്‍ രഹിത ഇന്ധനം ഉപയോഗിക്കുന്നതിനാല്‍ പരിസര മലിനീകരണം കുറവാണ്. കാര്‍ബണ്‍ രഹിത ഹൈഡ്രജന്‍ ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്ന വാഹനത്തില്‍ ഒരു തവണ നിറച്ചാല്‍ 650 കിലോമീറ്റര്‍ സഞ്ചരിക്കാനാകും. അഞ്ച് കിലോഗ്രാമാണ് ടാങ്ക് കപ്പാസിറ്റി. അഞ്ച് മിനിറ്റിനകം ഇന്ധനം നിറയ്ക്കാമെന്നതും പ്രത്യേകതയാണ്.