തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിച്ചു. വിവിധ വകുപ്പുകളുടെ ചുമതലക്കാരെ യോഗത്തിനു വിളിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് മൂന്നരക്ക് സെക്രട്ടേറിയറ്റിലാണ് യോഗം ചേരുക. ബുറെവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ തെക്കൻ കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാറ്റ് ഇന്ത്യൻ തീരത്തോട് അടുത്തതിനാല്‍ നേരത്തെ യെല്ലോ അലർട്ട് ആയിരുന്നത് റെഡ് അലർട്ടാക്കി ഉയർത്തുകയായിരുന്നു.
കാറ്റ് ഉച്ചയോടെ ഇന്ത്യൻ തീരത്തെ പാമ്പൻ മേഖലയിൽ എത്തുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. നാളെ ഉച്ചയോടെ കേരള തീരത്ത് എത്തും. അതേസമയം കേരള തീരത്ത് എത്തുമ്പോൾ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമാകുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് വലിയ നാശം നഷ്ടം വരുത്താതെയാണ് ശ്രീലങ്കൻ തീരം വിട്ടത്. ബുറെവിയുടെ സാഹചര്യത്തിൽ തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.