തിരുവനന്തപുരം: തടവുകാരുടെ എണ്ണക്കൂടുതൽ മൂലം സംസ്ഥാനത്തെ ജയിലുകളിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം. ജീവനക്കാരുടെ കുറവുമൂലം ജയിലധികൃതരും സൗകര്യങ്ങളുടെ അപര്യാപ്തത മൂലം തടവുകാരും കടുത്ത സമ്മര്‍ദത്തിലാണ്. തിരുവനന്തപുരം സെൻട്രൽ ജയിലിലെ തടവുകാരുടെ എണ്ണം അനുവദനീയമായതിന്റെ ഇരട്ടിയോളമായി.
729 പേരെ ഉൾക്കൊള്ളാനുള്ള സൗകര്യങ്ങൾ മാത്രമുള്ള സെൻട്രൽ ജയിലില്‍ അന്തേവാസികളുടെ എണ്ണം ഇപ്പോൾ 1400 ഓളമാണ്. ഇതോടെ പ്രാഥമിക സൗകര്യങ്ങൾ നിശ്ചിത സമയത്ത് നിർവഹിക്കുന്നതിന് പോലും കടുത്ത സമ്മർദമാണ് തടവുകാർക്കുള്ളത്. രണ്ടുപേർക്ക് നിശ്ചയിച്ചിരിക്കുന്ന സെല്ലിൽ നാലും അഞ്ചും പേർ എത്തിയതോടെ തടവുകാർ തമ്മിലുള്ള സംഘർഷവും കൂടി. 675 പേരെ പാർപ്പിക്കാവുന്ന വിയ്യൂർ സെൻട്രൽ ജയിലിലും 200 ഓളം പേർ കൂടുതലാണ്.
തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുകാരെ നിയന്ത്രിക്കുകയും ജോലിക്കിറക്കുകയും ചെയ്യേണ്ട ചുമതലയുള്ള അസിസ്റ്റന്‍റ് പ്രിസൺ ഓഫീസറുടെ തസ്തികയിൽ 163 പേർ വേണ്ടിടത്ത് ഇപ്പോഴുള്ളത് 90 പേർ മാത്രം. ജീവനക്കാരുടെ കുറവ് തടവുകാരുടെ തിരുത്തൽ പ്രക്രിയയേയും കാര്യമായി ബാധിക്കുന്നു. ഉള്ള ജീവനക്കാർക്ക് അമിത ജോലിഭാരവും.
പത്തനംതിട്ട ജില്ലാ ജയിൽ പൊളിച്ചു പണിയുന്നതിനാൽ ഇവിടുത്തെ മുന്നൂറോളം തടവുകാരെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കും കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിലേക്കും മാറ്റി. ഇതോടെ 60 പേരെ മാത്രം പാർപ്പിക്കാവുന്ന കൊട്ടാരക്കര ജയിലിൽ 150 പേരായി. നിർമ്മാണം പുരോഗമിക്കുന്ന ആലപ്പുഴ ജില്ലാ ജയിലിൽ നിന്നുള്ള തടവുകാരെയും മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലും തിരുവനന്തപുരം സെൻട്രൽ ജയിലിലുമായി മാറ്റിയിട്ടുണ്ട്. ഇതോടെ 80 പേരെ മാത്രം പാർപ്പിക്കാവുന്ന മാവേലിക്കരയിൽ ഇപ്പോൾ 112 പേരായി. ദക്ഷിണ മേഖലയിലെ ജയിലുകളിൽ നിന്ന് അച്ചടക്ക നടപടികളുടെയും ചികിത്സയുടെയും ഭാഗമായി മാറ്റപ്പെടുന്നവരെയും തിരുവനന്തപുരത്തേക്കാണ് എത്തിക്കുക.