തിരുവനന്തപുരം: ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക്ക് ഡ്രില്ലിനിടയിൽ യുവാവ് മുങ്ങി മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മേധാവിയും പത്തനംതിട്ട ജില്ല കലക്‌ടറും ദുരന്തം ഉണ്ടാകാനിടയായ സാഹചര്യം പരിശോധിച്ച് റിപ്പോർട്ട് നൽകണം. 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കാനാണ് നിർദേശം.
കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കല്ലുപ്പാറ സ്വദേശി ബിനു സോമനാണ് മരിച്ചത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഇന്നലെ (29.12.2022) തിരുവല്ല വെണ്ണിക്കുളത്ത് സംഘടിപ്പിച്ച മോക് ഡ്രില്ലിനിടെയായിരുന്നു ബിനു പുഴയിൽ മുങ്ങിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.
ബിനു 45 മിനിറ്റോളം വെള്ളത്തിനടിയിൽ മുങ്ങികിടന്നതായാണ് പരാതിയിൽ പറയുന്നത്. യഥാസമയം ദുരന്ത നിവാരണ സേന എത്തിയിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നുവെന്നും മനുഷ്യാവകാശ പ്രവർത്തകനായ ഡോ ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിൽ പറയുന്നു. മുൻകരുതൽ സ്വീകരിക്കാതെയുള്ള മോക്ക് ഡ്രിൽ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും പരാതിക്കാരൻ പറഞ്ഞു. കുറ്റക്കാരായ ഉദ്ദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണാവശ്യം. റിപ്പോർട്ട് ലഭിച്ചശേഷം കമ്മീഷൻ മേൽ നടപടികൾ സ്വീകരിക്കും.
Read more: മോക്ഡ്രില്ലിനിടെ അപകടം; മണിമലയാറ്റില്‍ മുങ്ങിത്താഴ്ന്ന യുവാവ് ചികിത്സക്കിടെ മരിച്ചു