തിരുവനന്തപുരം : ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. വൈദ്യുതി ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ ഇക്കാര്യം പരിശോധിച്ച് നാലാഴ്‌ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് നിര്‍ദേശം നല്‍കി.
വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ബെഡ്, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ തുടങ്ങിയ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് വൈദ്യുതി പൂര്‍ണമായി സൗജന്യമാക്കിയത് 2019ലാണ്. പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇത് ഗുണം ചെയ്യും. 2014ലെ ഉത്തരവില്‍ 100 യൂണിറ്റ് വരെ വൈദ്യുതി മാത്രമായിരുന്നു സൗജന്യം. ഈ ഉത്തരവ് ഭേദഗതി ചെയ്‌താണ് 2019ല്‍ ഉത്തരവിറക്കിയത്. എന്നാല്‍ 2014ലെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് സൗജന്യ വൈദ്യുതി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തത്.
Also read: പിങ്ക് പൊലീസിന്‍റെ പരസ്യ വിചാരണ : സര്‍ക്കാരിന് ഒന്നരലക്ഷം രൂപ പിഴയിട്ട് ഹൈക്കോടതി
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത. ബന്ധപ്പെട്ട സെക്ഷന്‍ ഓഫിസില്‍ അപേക്ഷ നല്‍കണം. രോഗി ഉപയോഗിക്കുന്ന ഉപകരണം ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യമാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. 200 രൂപയുടെ മുദ്രപത്രത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. എന്നാല്‍ ഉത്തരവ് ബോര്‍ഡ് അംഗീകരിക്കുന്നില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയില്‍ ആരോപിച്ചിരുന്നു. ഈ പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്‍റെ ഇടപെടല്‍.