തിരുവനന്തപുരം: പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ടവർക്ക് കെപിസിസി പ്രഖ്യാപിച്ച ആയിരം വീട് പദ്ധതിനടക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം എം ഹസൻ. താൻ സ്ഥാനമൊഴിഞ്ഞതിനാൽ പ്രതീക്ഷിച്ച പോലെ പദ്ധതി മുന്നോട്ടു കൊണ്ടുപോകാനായില്ല. 371 വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും 18.55 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത്രയും വീടുകൾ മാത്രമേ നിർമ്മിക്കാന്‍ കഴിയൂ. 500 വീടുകൾ നിര്‍മ്മിക്കാനുള്ള ശ്രമം നടത്തും. പദ്ധതിയുടെ പേരില്‍ പണപ്പിരിവ് നടത്തിയിട്ടില്ല. ഇതിനായി ശാസ്തമംഗലം ധനലക്ഷ്മി ബാങ്കിൽ തുടങ്ങിയ അക്കൗണ്ടിൽ ചെക്കുകളും ഡ്രാഫ്റ്റുകളും മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. 3.53 കോടി രൂപ ഈ അക്കൗണ്ടിൽ ലഭിച്ചതായും ഹസൻ വെളിപ്പെടുത്തി.
പ്രളയപുനർനിർമ്മാണത്തിൽ സർക്കാരിനുണ്ടായ പരാജയം മറച്ചു വെക്കാനാണ് സിപിഎം നേതാക്കൾ കെപിസിസി ഭവന പദ്ധതിക്കെതിരെ രംഗത്തു വന്നത്. സിപിഎം എത്ര വീടുകൾ നിർമ്മിച്ചു നൽകിയെന്ന് കോടിയേരി വ്യക്തമാക്കണമെന്ന് ഹസൻ ആവശ്യപ്പെട്ടു. പ്രളയത്തിന് മുഖ്യമന്ത്രി എത്ര രൂപ പിരിച്ചുവെന്ന് ചോദിക്കാൻ ധൈര്യമില്ലാത്ത ഡിവൈഎഫ്ഐ കഴുതക്കാമം കരഞ്ഞു തീർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.