തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരം ആയെങ്കിലും പ്രതിരോധ കുത്തിവയ്‌പ്പെടുക്കാൻ ആശുപത്രികളിൽ മണിക്കൂറുകളുടെ കാത്തിരിപ്പ്. ഓൺലൈൻ രജിസ്ട്രേഷൻ കഴിഞ്ഞെത്തിയവരാണ് വാക്‌സിൻ സ്വീകരിക്കാനായി രാവിലെ മുതൽ കാത്തിരിക്കേണ്ടിവന്നത്.
ആശുപത്രിയിലെത്തുന്നവർക്ക് മുൻഗണന ക്രമത്തിൽ ടോക്കൺ നൽകിയാണ് അകത്തേക്ക് പ്രവേശനം. എന്നാൽ രാവിലെ ഏഴ് മണിക്ക് എത്തിയവർക്ക് പോലും ഒരു മണിക്ക് ശേഷവും വാക്‌സിൻ ലഭ്യമായില്ലെന്നാണ് പരാതി. ഇവിടെ ആവശ്യത്തിന് ഇരിപ്പിടങ്ങൾ പോലും ഇല്ലെന്നും ആക്ഷേപമുണ്ട്. 60 വയസിന് മുകളിലുള്ള നിരവധിപേര്‍ക്കാണ് രണ്ടാം ഡോസ് എടുക്കാനായി മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നത്.
അതേസമയം കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ഓൺലൈനായി രജിസ്റ്റർ ചെയ്‌തവർക്ക് മാത്രമാകും കുത്തിവയ്‌പ് നൽകുക. വാക്‌സിൻ കേന്ദ്രങ്ങളെക്കുറിച്ച് അതാത് ജില്ല ഭരണകൂടങ്ങൾ അറിയിപ്പ് നൽകും.