തിരുവനന്തപുരം: രാജ്യവ്യാപകമായി ഇന്നാരംഭിക്കുന്ന കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡ് വിതരണത്തിന് സംസ്ഥാനം പൂര്‍ണ സജ്ജം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം പ്രതിരോധ കുത്തിവയ്പ്പ് നല്‍കുക. 133 കേന്ദ്രങ്ങളാണ് വിതരണത്തിനായി സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. ജില്ലാടിസ്ഥാനത്തില്‍ എറണാകുളത്ത് 12ഉം തിരുവനന്തപുരത്തും കോഴിക്കോട്ടും 11 കേന്ദ്രങ്ങള്‍ വീതവും സജ്ജമാക്കിയിട്ടുണ്ട്. ശേഷിക്കുന്ന ജില്ലകളില്‍ ഒൻപത് കേന്ദ്രങ്ങള്‍ വീതമാണുള്ളത്.
കൂടുതല്‍ വായനക്ക്:സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ വിതരണം നാളെ
ആരോഗ്യ വകുപ്പിന്‍റെ മേല്‍നോട്ടത്തിലാണ് കുത്തിവെപ്പ് നടക്കുക. സംസ്ഥാനത്തെ വിവിധ വകുപ്പുകളും അന്താരാഷ്ട്ര ഏജന്‍സികളായ ഡബ്ല്യു.എച്ച്.ഒ., യൂണിസെഫ്, യു.എന്‍.ഡി.പി. തുടങ്ങിയവയുടെ സഹകരണത്തോടെയുമാണ് വാക്സിനേഷന്‍ യാഥാര്‍ഥ്യമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിന്‍ വിതരണത്തിന്‍റെ ഉദ്‌ഘാടനം നിര്‍വഹിച്ച ശേഷമാകും രാജ്യവ്യാപകമായി ഇന്ന് വാക്‌സിന്‍ വിതരണം തുടങ്ങുക.
ഇന്ത്യയില്‍ ഒട്ടാകെ 3,006 കേന്ദ്രങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ വിതരണം നടക്കുക. ഓരോ കേന്ദ്രത്തിലും 100 പേര്‍ വീതം പ്രതിദിനം വാക്‌സിന്‍ സ്വീകരിക്കും. ഭാരത് ബയോ ടെക്കും സെറവുമാണ് രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ഉത്‌പാദിപ്പിക്കുന്നത്. ഒന്നര കൊടിയില്‍ അധികം വാക്‌സിന്‍ ഡോസ് ഇതിനകം ഉത്‌പാദിപ്പിച്ച് കഴിഞ്ഞു.
കൂടുതല്‍ വായനക്ക്: ആഗോള തലത്തില്‍ കൊവിഡ് മരണം 20 ലക്ഷം കടന്നു
രാജ്യ വ്യാപകമായി കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കാനിരിക്കവെ ആഗോള തലത്തില്‍ കൊവിഡ് മരണം 20 ലക്ഷം കടന്നു. യുഎസിലെ ജോണ്‍ ഹോപ്‌കിന്‍ യൂണിവേഴ്‌സിറ്റി ഇന്ന് പുലര്‍ച്ചയാണ് ഇതു സംബന്ധിച്ച കണക്ക് പുറത്ത് വിട്ടത്. ഇതുപ്രകാരം ഇതിനകം 2,002,486 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. ജനസംഖ്യയുടെ കാര്യത്തില്‍ രണ്ടാമതുള്ള ഇന്ത്യയില്‍ ഉള്‍പ്പെടെ ആഗോള തലത്തില്‍ വാക്‌സിന്‍ വിതരണം നടക്കുമ്പോള്‍ കൊവിഡ് മരണ നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് ലോകം.