തിരുവനന്തപുരം: ഡോക്‌ടർ വന്ദന ദാസിന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ സമഗ്രമായ ആശുപത്രി സംരക്ഷണ നിയമം ഒരുങ്ങുന്നു. ആരോഗ്യ മേഖലയിലെ മിനിസ്റ്റീരിയൽ ജീവനക്കാർ ഉൾപ്പെടെ മുഴുവൻ ജീവനക്കാർക്കും സുരക്ഷ പരിരക്ഷ ഉറപ്പാക്കുന്ന നിയമമാണ് നടപ്പിലാക്കാനൊരുങ്ങുന്നത്. ആശുപത്രികളിൽ കാണിക്കുന്ന അതിക്രമത്തിന് ആറുമാസം മുതൽ ഏഴ് വർഷം വരെ കഠിന തടവ് ലഭിക്കുന്ന വകുപ്പുകളാണ് ഉൾപ്പെടുത്തുക.
അതിക്രമത്തിന്‍റെ കാഠിന്യമനുസരിച്ച് ശിക്ഷയും വർദ്ധിക്കും. കൊലപാതകം, കൊലപാതക ശ്രമം എന്നിവയ്ക്ക് ഇന്ത്യൻ ശിക്ഷ നിയമത്തിലെ പരമാവധി ശിക്ഷ ഉറപ്പുവരുത്തുകയും വാക്കാൽ ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിച്ചാലും ശിക്ഷ ലഭിക്കാനുള്ള വകുപ്പുകളാണ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡോക്‌ടർമാർ, നഴ്‌സുമാർ, മെഡിക്കൽ നഴ്‌സിങ് വിദ്യാർഥികൾ, പാര മെഡിക്കൽ ജീവനക്കാർ എന്നിവരെ കൂടാതെ മിനിസ്റ്റീരിയൽ ജീവനക്കാരെയും സുരക്ഷ ജീവനക്കാരെയും പുതിയ നിയമത്തിന്‍റെ പരിരക്ഷയിൽ കൊണ്ടുവരും.
ആശുപത്രി കെട്ടിടങ്ങൾക്കും ഉപകരണങ്ങൾക്കും ഉണ്ടാക്കുന്ന നാശനഷ്‌ടങ്ങൾക്ക്, നഷ്‌ടപരിഹാരം ഈടാക്കാനുള്ള വകുപ്പും പുതിയ നിയമത്തിൽ ചേർക്കുന്നുണ്ട്. ഇത്തരം അതിക്രമങ്ങളിൽ പരാതി ലഭിക്കുകയോ ശ്രദ്ധയിൽപെടുകയോ ചെയ്‌താൽ അതിവേഗത്തിലുള്ള അന്വേഷണവും കുറ്റപത്രം സമർപ്പിക്കലും ഉറപ്പുവരുത്തും. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പരമാവധി വേഗത്തിൽ ശിക്ഷ ലഭിക്കുന്നതിന് അതിവേഗ കോടതികളും പരിഗണിക്കുന്നുണ്ട്.
ആരോഗ്യ മേഖലയിലെ വിവിധ ജീവനക്കാരുടെ സംഘടനകൾ നൽകിയ ആവശ്യങ്ങളും പുതിയ നിയമ നിർമാണത്തിന്‍റെ ഭാഗമായി സർക്കാർ പരിശോധിക്കുന്നുണ്ട്. ആഭ്യന്തര, ആരോഗ്യ, നിയമ വിഭാഗ സെക്രട്ടറിമാരാണ് വിവിധ തലങ്ങളിൽ നിന്നുയർന്ന വ്യവസ്ഥകൾ ചർച്ച ചെയ്യുന്നത്. നിലവിൽ നിയമ വകുപ്പാണ് ആശുപത്രി സംരക്ഷണ നിയമ നിർമാണം പരിഗണിക്കുന്നത്.
നാളെ ചേരുന്ന മന്ത്രിസഭ യോഗത്തിൽ നിയമം ഓർഡിനൻസായി പരിഗണിക്കും. നാളെ തന്നെ ഓർഡിനൻസ് അംഗീകരിക്കാനാണ് സാധ്യത. ഡോക്‌ടർ വന്ദന ദാസിന്‍റെ കൊലപാതക ശേഷം പണിമുടക്ക് സമരം അടക്കം നടത്തിയിരുന്ന ഡോക്‌ടർമാർക്ക് അതിവേഗ നിയമനിർമാണം നടത്തുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഡോക്‌ടർമാർ സമരം പിൻവലിച്ചത്. പുതിയ നിയമത്തിന് വന്ദന ദാസിന്‍റെ പേര് നൽകണമെന്ന് ആവശ്യവും സർക്കാർ പരിഗണിക്കുന്നുണ്ട്.
വന്ദനയുടെ മരണത്തിന് പിന്നാലെ ഉന്നതതലയോഗം ചേരും മുൻപ് മുഖ്യമന്ത്രി ഡോക്‌ടർമാരുടെ സംഘടനാപ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ആറ് ആവശ്യങ്ങളാണ് ഡോക്‌ടർമാരുടെ സംഘടനകൾ ഈ ചർച്ചയിൽ മുന്നോട്ടുവച്ചത്. ഇതിൽ പ്രധാനമായിരുന്നു ആശുപത്രി സംരക്ഷണ നിയമം സംബന്ധിച്ചുള്ള ഓർഡിനൻസ് പുറത്തിറക്കുക
ഭേദഗതി നിർദേശങ്ങൾ : സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രധാന ആശുപത്രികളിലെല്ലാം പൊലീസ് ഔട്ട് പോസ്റ്റുകൾ സ്ഥാപിക്കുക. നിലവിലുള്ള നിയമത്തിൽ ആരോഗ്യ സ്ഥാപനങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നീ നിർവചനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ, ശിക്ഷകൾ തുടങ്ങിയവയിൽ കാലാനുസൃതമായ ഭേദഗതി കൊണ്ടുവരിക.
ആശുപത്രികളെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ച് സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കുക. ആദ്യ വിഭാഗത്തിൽ വരുന്ന മെഡിക്കൽ കോളജുകൾ, ജില്ല ആശുപത്രികൾ, ജനറൽ ആശുപത്രികൾ, കുട്ടികളുടെയും സ്‌ത്രീകളുടെയും ആശുപത്രികൾ എന്നിവിടങ്ങളിൽ പൊലീസ് ഔട്ട് പോസ്റ്റുകൾ സ്ഥാപിക്കണം. എസ്ഐ, എഎസ്ഐ, സിപിഒ എന്നിങ്ങനെ ഉദ്യോഗസ്ഥരെ ഇവിടെ വിന്യസിക്കണം. മറ്റ് ആശുപത്രികളിലും പൊലീസിന്‍റെ പൂർണ നിരീക്ഷണം ഉറപ്പാക്കണം.
സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ആവശ്യമായ ക്ലോസ്‌ഡ് സർക്യൂട്ട് ക്യാമറകൾ സ്ഥാപിക്കണം. സിസിടിവിയുടെ സഹായത്തോടെ കൃത്യമായ നിരീക്ഷണം ഉറപ്പാക്കണം. ആശുപത്രികളിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കണം. ഡോക്‌ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കണം. എല്ലാ ആശുപത്രികളിലും ഓരോ ആറ് മാസത്തിലും സുരക്ഷ പരിശോധനകൾ നടത്തണം. എന്നിവയാണ് യോഗത്തിൽ മുന്നോട്ടുവച്ച ഭേദഗതി നിർദേശങ്ങൾ.