തിരുവനന്തപുരം: തേനീച്ച, കടന്നല്‍ എന്നിവയുടെ കുത്തേറ്റ് ജീവഹാനി സംഭവിക്കുന്നവരുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിന്‍റേതാണ് തീരുമാനിച്ചു. 1980ലെ വന്യജീവി ആക്രമണ നഷ്‌ടപരിഹാര വ്യവസ്ഥ പ്രകാരമുള്ള നഷ്‌ടപരിഹാര തുകയാണ് കടന്നലിന്‍റെയോ തേനീച്ചയുടെയോ കടിയോ കുത്തോ കാരണം ജീവഹാനി സംഭവിക്കുന്നവര്‍ക്ക് നല്‍കുക. ഇതുപ്രകാരം ഇതിനുള്ള തുക വന്യ ജീവി ആക്രമണത്തിലെ ഇരകള്‍ക്ക് നഷ്‌ടപരിഹാരം നല്‍കുന്നതിനുപയോഗിക്കുന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍ നിന്നും വഹിക്കാനും യോഗം തീരുമാനിച്ചു.
തേനീച്ചയുടെയും കടന്നലിന്‍റെയും കുത്തേറ്റ് ജീവഹാനി സംഭവിക്കുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം കാസര്‍കോട് ജില്ലയിലെ കൊളത്തൂര്‍ വില്ലേജിലെ ഏഴ് ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്കു വിധേയമായി കമ്പോളവിലയുടെ മൂന്ന് ശതമാനം വാര്‍ഷിക പാട്ട നിരക്കില്‍ സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന് ഗോഡൗണ്‍ നിര്‍മിക്കാന്‍ നല്‍കാനും തീരുമാനമായി. മുപ്പത് വര്‍ഷമാണ് പാട്ടകാലാവധി.