തിരുവനന്തപുരം: സംസ്ഥാന ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ 83.87 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 78.26 ശതമാനം പേർ വി.എച്ച്.എസ്.ഇയിൽ ഉപരിപഠനത്തിന് യോഗ്യത നേടി.
ടെക്‌നിക്കൽ ഹയർസെക്കൻഡറിയിൽ 68.71 ശതമാനവും ആർട്ടിൽ 86.57 ശതമാനവുമാണ് വിജയം. പ്ലസ് ടു സയൻസിൽ 86.14 ശതമാനം, ഹ്യുമാനിറ്റിസിൽ 75.61 ശതമാനം, കൊമേഴ്‌സ് 85.69 ശതമാനം എന്നിങ്ങനെയാണ് വിജയം. സേ, ഇംപ്രൂവ്മെൻ്റ് പരീക്ഷകൾക്ക് ജൂൺ 25 വരെ അപേക്ഷിക്കാം.
സർക്കാർ സ്‌കൂളുകളിൽ നിന്ന് 81.72 ശതമാനം കുട്ടികളും എയ്‌ഡഡ് മേഖലയിൽ നിന്ന് 86.02 ശതമാനം കുട്ടികളും അൺ എയ്‌ഡഡ് മേഖലയിൽ നിന്ന് 81.12 ശതമാനം പേരുമാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.
ജൂലൈ 25 ന് പരീക്ഷകൾ ആരംഭിക്കും. ഹയർസെക്കൻഡറിയിൽ 87. 79 ശതമാനം വിജയം നേടിയ കോഴിക്കോട് ജില്ലയിലാണ് ഉയർന്ന വിജയശതമാനം. വയനാട് ആണ് കുറവ് - 75.07 ശതമാനം. 78 സ്കൂളുകൾ 100 ശതമാനം വിജയം നേടി. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണം 28450 ആണ്.
മൂല്യ നിർണയത്തിന് ശേഷം 20 ദിവസം കൊണ്ടാണ് ഫലം പ്രഖ്യാപിച്ചത്. ഇത്തവണയും ഗ്രേസ് മാർക്ക് നൽകിയിട്ടില്ല. വി.എച്ച്.എസ്.ഇ യിൽ കൊല്ലം ജില്ലയിലാണ് ഉയർന്ന വിജയം. കുറവ് കാസർകോട് ആണ്. പരീക്ഷാഫലം വിദ്യാഭ്യാസ വകുപ്പിൻ്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
അതേസമയം കെമിസ്ട്രി മൂല്യനിർണയത്തിൽ വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് തെളിഞ്ഞതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഹയർ സെക്കൻഡറി പരീക്ഷ ഫലം പ്രഖ്യാപിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. പരീക്ഷ ഫലം അട്ടിമറിക്കാനായിരുന്നു ചില അധ്യാപകരുടെ ശ്രമം. മൂല്യനിർണയത്തിനിടെ മിന്നൽ പണിമുടക്ക് നടത്തിയത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.