തിരുവനന്തപുരം : സില്‍വർ ലൈന്‍ പദ്ധതിയുടെ ആദ്യഘട്ട സ്ഥലമെടുപ്പ് ഉടൻ. തലസ്ഥാന നഗരത്തില്‍ നിന്ന് നാല് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് എത്തുന്ന അതിവേഗ റെയില്‍ പാത (സില്‍വർ ലൈന്‍) പദ്ധതിക്ക് 2100 കോടി രൂപയുടെ ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചതോടെയാണ് ഇതിന് കളമൊരുങ്ങിയത്.
പ്രതീക്ഷിത ചെലവ് 64,000 കോടി
തിരുവനന്തപുരം കൊച്ചുവേളി മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള സ്ഥലമെടുപ്പാണ് ആദ്യഘട്ടത്തില്‍. പദ്ധതിക്ക് 1383 ഹെക്ടര്‍ സ്ഥലം ആവശ്യമാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതിനായി 13,256 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. കൊച്ചുവേളി മുതല്‍ ചെങ്ങന്നൂര്‍ വരെ 320 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
ഇതിന് 3750 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാന്‍ 3000 കോടി രൂപ ഹഡ്‌കോ വായ്‌പ അനുവദിക്കാന്‍ തത്വത്തില്‍ ധാരണയായി. പദ്ധതിക്ക് ആകെ 64000 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.
ALSO READ: ഇന്‍റർനെറ്റ് ലഭ്യത; ഐ ടി സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചു
33,000 കോടി രൂപ വിദേശ വായ്‌പ എടുക്കും. ബാക്കി തുക സംസ്ഥാനവും കേന്ദ്രവും പങ്കുവയ്ക്കും. ജൈക്ക, ഏഷ്യന്‍ ഡവലപ്‌മെന്‍റ് ബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്‍റ് ബാങ്ക്, ജര്‍മ്മന്‍ ഡവലപ്‌മെന്‍റ് ബാങ്ക് എന്നിവയില്‍ നിന്നാണ് വായ്പയ്ക്ക് ശ്രമിക്കുന്നത്. സ്ഥലമേറ്റെടുക്കല്‍ 80 ശതമാനം പൂര്‍ത്തിയാക്കിയാലേ വായ്‌പയ്ക്ക് അപേക്ഷിക്കാനാകൂ.
ആകെ 11 സ്‌റ്റേഷനുകള്‍
11 ജില്ലകളിലൂടെയാണ് സിലവര്‍ ലൈന്‍ വേഗപ്പാത കടന്നുപോകുന്നത്. 11 സ്‌റ്റേഷനുകളാണ് ആകെ ഉണ്ടാവുക. മണിക്കൂറില്‍ 350 കിലോമീറ്ററാണ് വേഗത. കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, നെടുമ്പാശ്ശേരി വിമാനത്താവളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവയാണ് പ്രധാന സ്‌റ്റേഷനുകള്‍.
തിരുവനന്തപുരത്തു നിന്ന് വിവിധ സറ്റേഷനുകളിലേക്കുള്ള ദൂരവും സമയവും
തിരുവനന്തപുരം-കൊല്ലം(56 കി.മീ, സമയം-22 മിനിട്ട്)
തിരുവനന്തപരം-ചെങ്ങന്നൂര്‍(108 കി.മീ, സമയം-46 മിനിട്ട്)
തിരുവനന്തപുരം-കോട്ടയം( 137 കി.മീ, സമയം -1 മണിക്കൂര്‍ 2 മിനിട്ട്)
തിരുവനന്തപുരം-എറണാകുളം(196 കി.മീ, സമയം-1 മണിക്കൂര്‍25 മിനിട്ട്)
തിരുവനന്തപുരം-നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്(213 കി.മീ, സമയം-1 മണിക്കൂര്‍ 35 മിനിട്ട്)
തിരുവനന്തപുരം-തൃശൂര്‍(260 കി.മീ, സമയം 1മണിക്കൂര്‍ 56 മിനിട്ട്)
തിരുവനന്തപുരം-തിരൂര്‍(321 കി.മീ, സമയം2 മണിക്കൂര്‍ 21 മിനിട്ട്)
തിരുവനന്തപുരം-കോഴിക്കോട്(358 കി.മീ, സമയം2 മണിക്കൂര്‍ 40 മിനിട്ട്)
തിരുവനന്തപുരം-കണ്ണൂര്‍(447 കി.മീ, സമയം 3 മണിക്കൂര്‍ 19 മിനിട്ട്)
തിരുവനന്തപുരം-കാസര്‍ഗോഡ്(530 കി.മീ,സമയം 3 മണിക്കൂര്‍ 54 മിനിട്ട്)