തിരുവനന്തപുരം: അന്യ സംസ്ഥാന ലോട്ടറി വിൽപ്പന നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന് നിയമം കൊണ്ടുവരാൻ അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും. നിയമവിരുദ്ധ ലോട്ടറികൾക്കെതിരെ നിയമപ്രകാരം സാധ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പത്രസമ്മേളനത്തിൽ പറഞ്ഞു.
അന്യ സംസ്ഥാന ലോട്ടറി വിൽപ്പന നിയന്ത്രിക്കുന്ന ചട്ടഭേദഗതിയാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ സമർപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് തോമസ് ഐസക് പറഞ്ഞു. മുതിർന്ന അഭിഭാഷകരെ നിയോഗിച്ച് കേസുമായി മുന്നോട്ടു പോകും. നിയമവിരുദ്ധ ലോട്ടറി പ്രവർത്തനങ്ങളെ ചെറുക്കുന്നതിന് ലോട്ടറി രംഗത്ത് പ്രവർത്തിക്കുന്ന മുഴുവനാളുകളുടെയും സഹകരണം തേടും. ഇടനിലക്കാരുടെ കൊള്ളയ്ക്ക് സംസ്ഥാനസർക്കാർ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും കേരളത്തിൽ ലോട്ടറി കച്ചവടം നടത്താം എന്ന് സാന്‍റിയാഗോ മാർട്ടിനും കൂട്ടരും വിചാരിക്കേണ്ടെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.