തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനിയാഴ്‌ച മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്‍റെ പ്രഭാവത്തിലാണ് സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നത്. ന്യൂനമർദം നാളെ മുതൽ കൂടുതൽ ശക്തമാകും. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഞായറാഴ്‌ച ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ചൈന കടലിൽ രൂപപ്പെട്ട ന്യോൾ ചുഴലിക്കാറ്റിന്‍റെ സ്വാധീനവും മഴയ്ക്ക് കാരണമാകുന്നുണ്ട്.
സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ് നൽകിയതിനാൽ ദുരന്ത സാധ്യത മേഖലകളിൽ ജാഗ്രതാ നിർദേശം നൽകി. കേരളത്തിലുള്ള കേന്ദ്രസേനകളോടെല്ലാം തയാറാകാനും നിർദേശമുണ്ട്. പൊലീസ്, ഫയർഫോഴ്‌സ്, സിവിൽ ഡിഫൻസ്, സന്നദ്ധ പ്രവർത്തകരോട് അടിയന്തര സാഹചര്യം നേരിടാൻ ഒരുങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലെ ദുരന്ത ബാധിത മേഖലകളിൽ ഉള്ളവരെ ഉടൻതന്നെ മുൻകരുതലിന്‍റെ ഭാഗമായി ക്യാമ്പുകളിലേയ്‌ക്ക് മാറ്റണം. ഉരുൾപൊട്ടൽ അടക്കമുള്ള സാധ്യത പ്രദേശങ്ങളിൽ പകൽസമയം തന്നെ ആളുകളെ മാറ്റി താമസിപ്പിക്കണം. വൈകിട്ട് ഏഴ് മുതൽ രാവിലെ ഏഴ് വരെയുള്ള സമയങ്ങളിൽ മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതവും നിരോധിക്കാൻ ചീഫ് സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്. 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്നും നിർദേശമുണ്ട്.