തിരുവനന്തപുരം : കനത്ത മഴയിൽ തലസ്ഥാനം വെള്ളക്കെട്ടിൽ മുങ്ങി (Heavy Rain At Thiruvananthapuram). ജില്ലയിൽ പല ഇടങ്ങളിലും കടുത്ത ദുരിതമാണ് അനുഭവപ്പെടുന്നത്. പുത്തൻപാലത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 45 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. തേക്കുമ്മൂട് ബണ്ട് കോളനിയിലും രൂക്ഷമായ വെള്ളക്കെട്ടാണ്. ഇവിടെയുള്ള കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
ആമയിഴഞ്ചാൻ തോട് കരകവിഞ്ഞതോടെ നിരവധി വീടുകളിൽ വെള്ളം കയറി. കണ്ണമ്മൂല ഭാഗത്തും കുണ്ടമൺകടവ് ഭാഗത്തും നിരവധി വീടുകളിൽ വെള്ളം കയറി. ടെക്‌നോപാർക്ക് ഭാഗത്തും രൂക്ഷമായ വെള്ളക്കെട്ടാണ്. ഇവിടെ ഗായത്രി ബിൽഡിങ് ഭാഗത്താണ് വെള്ളക്കെട്ടുള്ളത്. ഫെയ്‌സ് ത്രീക്ക് സമീപം തെറ്റിയാർ കരകവിഞ്ഞ് ഒഴുകിയതാണ് കാരണം. ഇവിടെ ഹോസ്റ്റലുകളിൽ കുടുങ്ങിയ പെൺകുട്ടികളെ ഫയർഫോഴ്‌സ് ഫൈബർ വള്ളങ്ങളിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്.
പോത്തൻകോട് കരൂരിൽ ഏഴ് വീടുകളിൽ വെള്ളം കയറി. ശ്രീകാര്യത്തെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷന്‍റെ മതിൽ തകർന്നുവീണു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ (14.10.2023) വൈകിട്ട് മുതൽ ആരംഭിച്ച കനത്ത മഴയെ തുടർന്നാണ് വെള്ളക്കെട്ട് രൂക്ഷമായത്. തീരദേശ മേഖലയും കനത്ത ആശങ്കയിലാണ്.
തീരദേശ മേഖലകളിൽ ശക്തമായ കടലാക്രമണമാണ്. മണക്കാട്, ഉള്ളൂർ, വെള്ളായണി ഭാഗങ്ങളിൽ പല ഇടങ്ങളിലും വീടുകളിൽ വെള്ളം കയറി. തിരുമല ആരയല്ലൂർ ഭാഗത്ത് റോഡ് മുട്ടോളം വെള്ളത്തിലായി. കുമാരപുരം കലാകൗമുദി റോഡിലും വെള്ളം കയറി. താഴ്‌ന്ന പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ്. കഴക്കൂട്ടം പൗണ്ടുകടവ്, വേളി ഭാഗങ്ങളിൽ തോട് കരകവിഞ്ഞൊഴുകി വീടുകളിൽ വെള്ളം കയറി.
സംസ്ഥാനത്ത് യെല്ലോ അലർട്ട് : സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. വരും മണിക്കൂറുകളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് 12 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. തെക്കന്‍ തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതിനാലാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. കനത്ത മഴ സംസ്ഥാനമാകെ തുടരുന്ന സാഹചര്യത്തില്‍ മഴ മുന്നറിയിപ്പുകള്‍ ഇനിയും മാറാന്‍ സാധ്യതയുണ്ട്.
കൺട്രോൾ റൂമുകൾ തുറന്നു : അതേസമയം ജില്ലയിൽ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വെള്ളക്കെട്ട് രൂക്ഷമായ സ്ഥലങ്ങളിൽ എത്രയും വേഗം സഹായങ്ങൾ എത്തിക്കുന്നതിനും തഹസിൽദാർമാർക്ക് ജില്ല കലക്‌ടർ ജെറോമിക് ജോർജ് നിർദേശം നൽകി. എല്ലാ റവന്യൂ ഉദ്യോഗസ്ഥരോടും ഓഫിസിൽ പ്രവേശിക്കുവാനും കലക്‌ടർ നിർദേശം നൽകി.
താലൂക്ക് കൺട്രോൾ റൂമുകൾ പൂർണ സജ്ജമാണെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും പൊതു ജനങ്ങൾക്ക് അടിയന്തര സാഹചര്യമുള്ളപ്പോൾ താലൂക്ക് കൺട്രോൾ റൂമുകളിൽ ബന്ധപ്പെടാവുന്നതാണെന്നും കലക്‌ടർ അറിയിച്ചു.
താലൂക്ക് കൺട്രോൾ റൂം നമ്പറുകൾ
- തിരുവനന്തപുരം താലൂക്ക് - 0471 2462006, 9497711282
- നെയ്യാറ്റിൻകര താലൂക്ക് - 0471 2222227, 9497711283
- കാട്ടാക്കട താലൂക്ക് - 0471 2291414, 9497711284
- നെടുമങ്ങാട് താലൂക്ക് - 0472 2802424, 9497711285
- വർക്കല താലൂക്ക് - 0470 2613222, 9497711286
- ചിറയിൻകീഴ് താലൂക്ക് - 0470 2622406, 9497711284