തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം മുതൽ ശക്തമായ കാറ്റിനും മഴയക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ രൂപം കൊണ്ട ബുറൈവി ചുഴലിക്കാറ്റ് തീരം തൊടുന്നതിന്‍റെ ഭാഗമായാണ് സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും ലഭിക്കുക. ചുഴലിക്കാറ്റ് കേരളത്തിന്‍റെ തീരമേഖലയിൽ കൂടെയും കടന്നുപോകും എന്ന മുന്നറിയിപ്പും കാലാവസ്ഥാനിരീക്ഷണകേന്ദ്രം നൽകിയിട്ടുണ്ട്. അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ആദ്യം ശ്രീലങ്കയിലെ ട്രിങ്കോമാലിയിലും പിന്നീട് പാമ്പൻ കടലിടുക്കും കന്യാകുമാരിക്കും ഇടയിലൂടെ ഇന്ത്യൻ തീരത്ത് കര തൊടും. ചുഴലിക്കാറ്റ് തിരുവനന്തപുരത്തെ തീരപ്രദേശം വഴി കടന്നു പോകുമെന്നാണ് ലഭിക്കുന്ന സൂചന.
ആദ്യം മുന്നറിയിപ്പുകൾ കേരളതീരത്തെ ചുഴലിക്കാറ്റ് തൊടില്ല എന്നായിരുന്നു. എന്നാൽ പുതിയ സഞ്ചാരത്തിൽ കേരളം കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. തെക്കൻ കേരളത്തിലാണ് ചുഴലിക്കാറ്റ് ജാഗ്രതാ നിർദേശം സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ 48 വില്ലേജുകൾക്ക് പ്രത്യേക ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. താലൂക്ക് അടിസ്ഥാനത്തിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. അഞ്ചാം തീയതി സംസ്ഥാനത്ത് മഴയ്ക്ക് ശമനം ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇപ്പോൾ നൽകുന്ന സൂചന.