തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഗര്‍ഭിണികളും കൊവിഡ് വാക്സിന്‍ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. കൊവിഡ് ബാധിച്ചാല്‍ ഏറ്റവുമധികം ഗുരുതരമാകാന്‍ സാധ്യതയുള്ളവരാണ് ഗര്‍ഭിണികള്‍. സംസ്ഥാനത്ത് തന്നെ കൊവിഡ് ബാധിച്ച് നിരവധി ഗര്‍ഭിണികള്‍ ഗുരുതരാവസ്ഥയിലാകുകയും ചിലര്‍ മരണമടയുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരും വാക്‌സിന്‍ എടുക്കണമെന്ന് മന്ത്രി പറഞ്ഞു.
ഗുരുതരമായ ഈ സാഹചര്യം കണക്കിലെടുത്ത് ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കാന്‍ ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന "മാതൃകവചം" കാമ്പയിന് മികച്ച പ്രതികരണമാണ്. ഇതുവരെ 39,822 ഗര്‍ഭിണികളാണ് വാക്സിന്‍ എടുത്തത്. എന്നാല്‍ ചില ഗര്‍ഭിണികള്‍ വാക്സിനെടുക്കാന്‍ വിമുഖത കാട്ടുന്നതായി അറിയുന്നു. എല്ലാവരും സ്വന്തം സുരക്ഷയും കുഞ്ഞിന്‍റെ സുരക്ഷയും കണക്കിലെടുത്ത് വാക്സിന്‍ എടുക്കണം, മന്ത്രി പറഞ്ഞു.
എല്ലാ ഡോക്ടര്‍മാരും ഗൈനക്കോളജിസ്റ്റുമാരും ഇക്കാര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് അവബോധം നല്‍കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗൈനക്കോളജിസ്റ്റുകളുടെ യോഗം ചേരുമെന്നാണ് വിവരം.
Also read: ആശങ്ക മാറുന്നില്ല, സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക വൈറസ് ബാധ