തിരുവനന്തപുരം: കൊവിഡ് ചികിത്സയിൽ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്നും ബെഡുകൾ നിറഞ്ഞു എന്നത് തെറ്റായ പ്രചരണമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് ചികിത്സ സംവിധാനത്തിൽ പ്രതിസന്ധിയുണ്ടാക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
മൂന്നാം തരംഗം നേരിടാൻ ആരോഗ്യ വകുപ്പ് സുസജ്ജമാണ്. ചികിത്സ സൗകര്യം വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ മരുന്നുകളും ആവശ്യത്തിന് ശേഖരമുണ്ട്. ആരോഗ്യ പ്രവർത്തകർ കൂട്ടമായി രോഗബാധിതരായാൽ നേരിടാൻ സംവിധാനമുണ്ട്. ആരോഗ്യ പ്രവർത്തകരെ ആവശ്യമെങ്കിൽ കൂടുതൽ നിയമിക്കും.
ആശങ്കപ്പെടേണ്ട സാഹചര്യമില്ല
ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിലെ കിടക്കകൾ നിറഞ്ഞിട്ടില്ല. ഐസിയുകൾ നിറഞ്ഞുവെന്നത് തെറ്റായ വാർത്തയാണ്. അത്തരത്തിൽ യാതൊരു പ്രതിസന്ധിയുമില്ല. എല്ലാ മെഡിക്കൽ കോളജിലും കൊവിഡ് ആശുപത്രികളിലും ഐസിയു ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ നോൺ കൊവിഡ് ഐസിയു, കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കും.
മൂന്നാം തരംഗം നേരിടാൻ മെഡിക്കൽ കോളജുകളിൽ മാത്രം 1588 കിടക്കകൾ ഒരുക്കിയിട്ടുണ്ട്. മൂന്നാം തരംഗത്തിൽ വെൻ്റിലേറ്റർ ഉപയോഗം കുറവ് എന്നത് ആശ്വാസമാണ്. രോഗികൾ കൂടുന്നുണ്ടെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണ്. അതുകൊണ്ട് തന്നെ ജനങ്ങൾ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി
സ്വകാര്യ ആശുപത്രികളും ബെഡുകൾ സംബന്ധിച്ച കണക്കുകൾ ലഭ്യമാക്കണം എന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡായതിനാൽ ആർക്കും ചികിത്സ നിഷേധിക്കരുത്. കൊവിഡിനൊപ്പം നോൺ കൊവിഡ് ചികിത്സയും മുന്നോട്ട് പോകണമെന്നതാണ് ആരോഗ്യ വകുപ്പിൻ്റെ നിലപാട്. അതുകൊണ്ട് തന്നെ ചികിത്സ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
24 ആശുപത്രികളിൽ ക്യാൻസർ ചികിത്സ
ക്യാൻസർ ചികിത്സ 24 ആശുപത്രികളിൽ ഒരുക്കിയിട്ടുണ്ട്. കീമോ അടക്കമുള്ള ചികിത്സ ലഭിക്കും. ടെലി മെഡിസിൻ വഴി ചികിത്സിച്ച് കൊണ്ടിരുന്ന ഡോക്ടർ തന്നെ ചികിത്സ നൽകും.
സംസ്ഥാനത്തെ കൊവിഡ് വ്യാപനം തീവ്രതയിൽ എത്തിയതായി ആരോഗ്യ വകുപ്പ് വിലയിരുത്തിയിട്ടില്ല. ഫെബ്രുവരിയോടെ രോഗവ്യാപനം ഇനിയും വർധിക്കാമെന്നാണ് കണക്കുകൂട്ടലെന്നും മന്ത്രി വ്യക്തമാക്കി.