തിരുവനന്തപുരം: എച്ച് 3 എന്‍ 2 സംസ്ഥാനത്ത് രണ്ട് കേസുകള്‍ നിലവിലുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രണ്ട് കേസുകളും ആലപ്പുഴ ജില്ലയിലാണ് നിലവിലുള്ളതെന്ന് മന്ത്രി പറഞ്ഞു. ഇത് പുതുതായി കണ്ടെത്തിയ കേസുകളല്ലെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്നു: എച്ച് 3 എന്‍ 2 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തോത് കുറവാണ്. അരോഗ്യ വകുപ്പ് ഇക്കാര്യങ്ങള്‍ പരിശോധിച്ചു വരികയാണ്. അന്തരീക്ഷ താപനില വലിയതോതില്‍ ഉയരുകയാണെന്നും അതിനാല്‍ പകര്‍ച്ചവ്യാധികള്‍ പടരുവാനുള്ള സാധ്യതയും വര്‍ധിക്കുകയാണെന്ന് വീണ ജോര്‍ജ് അറിയിച്ചു.
'മലപ്പുറം ജില്ലയിലെ ചുങ്കത്തറയില്‍ 11 കോളറ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ചിക്കന്‍ പോക്‌സും പകര്‍ച്ച പനിയും വര്‍ധിക്കുന്നതായാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. അതിനാല്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പനിബാധിതരായി എത്തുന്നവര്‍ക്ക് സ്രവ പരിശോധനയടക്കം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ പനി, തൊണ്ടവേദന, ചുമ എന്നീ രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകളാണ് ഇന്‍ഫ്ളുവന്‍സയുടെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ഡോക്‌ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പനിയുണ്ടായാല്‍ ആരംഭത്തില്‍ തന്നെ ചികിത്സ തേടേണ്ടതാണ്'-മന്ത്രി വ്യക്തമാക്കി.
നിപ്പ ജാഗ്രത: ആരോഗ്യ ജാഗ്രത കലണ്ടര്‍ കൃത്യമായി പാലിക്കണം. ആരോഗ്യ ജാഗ്രത നിര്‍ദേശം സംബന്ധിച്ച മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കും. ആശുപത്രികള്‍ മരുന്ന് ലഭ്യത ഉറപ്പ് വരുത്തണം.
വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ മുന്‍കൂട്ടി നിപ്പ പ്രതിരോധ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചൂട് കൂടുന്നത് സംബന്ധിച്ച് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ദുരന്തനിവാരണ വകുപ്പ് നല്‍കിയിട്ടുണ്ട്. അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
കുട്ടികളും ഗര്‍ഭിണികളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ഇടയ്ക്കിടക്കായി ധാരാളം വെള്ളം കുടിക്കണം. സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
കെട്ടിടങ്ങള്‍ക്ക് പുറത്ത് ജോലി ചെയ്യുന്നവര്‍ സമയക്രമം കര്‍ശനമായി പാലിക്കണം. രാവിലെ 11 മണി മുതല്‍ വൈകുന്നേരം മൂന്ന് മണിവരെയുള്ള സമയം നേരിട്ടുള്ള വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കുക: തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. യാത്രാ വേളയില്‍ വെള്ളം കരുതുന്നു എന്നുറപ്പാക്കണം. കടകളില്‍ നിന്നും പാതയോരങ്ങളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ നല്ല വെള്ളവും ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്നും ഉറപ്പ് വരുത്തണം.
പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും ചേര്‍ന്ന് ജ്യൂസ് കടകളിലുപയോഗിക്കുന്ന ഐസ് ശുദ്ധജലം ഉപയോഗിച്ചുള്ളതാണോയെന്ന് പരിശോധനകള്‍ നടത്തും. താപനില ഉയരുന്ന സാഹചര്യത്തില്‍ പ്രൈമറി ക്ലാസുകളിലെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ഉചിതമായ തീരുമാനം വിദ്യാഭ്യാസ വകുപ്പ് എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.