തിരുവനന്തപുരം : സംസ്ഥാനത്ത് സിക വൈറസ് ബാധ നിയന്ത്രണവിധേയമായതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഒരാഴ്ചയിലേറെയായി കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 66 സിക വൈറസ് കേസുകളാണ് തിരിച്ചറിഞ്ഞതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
62 കേസുകള്‍ തിരുവനന്തപുരത്തായിരുന്നു. എറണാകുളത്ത് രണ്ട് കേസും കൊല്ലം, കോട്ടയം ജില്ലകളില്‍ ഓരോന്നുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരാരും തന്നെ ചികിത്സയിലില്ല. ഒരാള്‍ക്ക് പോലും ഗുരുതര വൈറസ് ബാധയുണ്ടായിട്ടില്ല.
ഭവനസന്ദര്‍ശനം നടത്തി രോഗികളെ കണ്ടെത്തി
ഇവരെല്ലാം തന്നെ തിരുവനന്തപുരവുമായി ബന്ധമുള്ളവരായിരുന്നു. സിക വൈറസ് മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ സര്‍വയലന്‍സിന്‍റെ ഭാഗമായി 9,18,753 പേരെയാണ് സ്‌ക്രീന്‍ ചെയ്തത്.
പനി, ചുവന്ന പാടുകള്‍, ശരീര വേദന തുടങ്ങിയ രോഗലക്ഷണമുള്ള 1569 പേരെ ഭവനസന്ദര്‍ശനം നടത്തി കണ്ടെത്തി. അതില്‍ രോഗം സംശയിച്ച 632 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു.
66 പേരിലാണ് രോഗം കണ്ടെത്തിയത്. ഗര്‍ഭിണികളെയാണ് സിക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്ത് സിക ബാധയുണ്ടായാല്‍ ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് (മൈക്രോസെഫാലി) കാരണമാകും. അതിനാല്‍ പനിയടക്കം ലക്ഷണമുള്ള എല്ലാ ഗര്‍ഭിണികളേയും പരിശോധിച്ചു.
മഴ മാറാത്തതിനാല്‍ വേണം ജാഗ്രത
4252 ഗര്‍ഭിണികളെ സ്‌ക്രീന്‍ ചെയ്തതില്‍ ആറ് പോസിറ്റീവ് കേസുകള്‍ മാത്രമാണ് ഉണ്ടായത്. 34 പ്രസവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ഒരു നവജാത ശിശുവിനെ മാത്രമാണ് നിരീക്ഷിക്കേണ്ടി വന്നത്. എന്നാല്‍ ആ കുഞ്ഞിനും സിക വൈറസ് മൂലമുള്ള പ്രശ്നമുണ്ടായില്ല.
കൊവിഡ് മഹാമാരി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് സംസ്ഥാനത്ത് ആദ്യമായി ജൂലൈ എട്ടിന് സിക വൈറസ് സ്ഥിരീകരിച്ചത്.
പാറശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിക്കാണ് രോഗം സ്ഥിരീകരിച്ചത്. മഴ മാറാതെ നില്‍ക്കുന്നതിനാല്‍ ഇനിയും ജാഗ്രത തുടരേണ്ടതാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ALSO READ: തിയേറ്ററുകൾ തുറക്കുന്നത് വൈകും; സർക്കാർ തീരുമാനം അംഗീകരിച്ച് ഫിയോക്