തിരുവനന്തപുരം : ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരായ നിയമന കോഴ കേസിൽ പരാതിക്കാരൻ ഹരിദാസൻ കന്‍റോൺമെന്‍റ് സ്റ്റേഷനിൽ ഹാജരായി. പരാതിക്കാരനായ ഹരിദാസും മുൻ എഐഎസ്എഫ് നേതാവ് ബാസിത്തും ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കന്‍റോൺമെന്‍റ് പൊലീസ് ആവശ്യപ്പെട്ടിരുന്നു.
ശനിയാഴ്‌ച ഹാജരാകാൻ ഇരുവരോടും പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇരുവരും ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞായിരുന്നു ഇരുവരും ഹാജരാകാതിരുന്നത്. ബാസിത് ഇതുവരെയും ഹാജരായിട്ടില്ല. കേസിൽ അറസ്റ്റിലായ മുഖ്യ പ്രതി അഖിൽ സജീവ് പരാതിക്കാരനായ ഹരിദാസിനെ കണ്ടിട്ടില്ലെന്നും പണം തട്ടിയത് ബാസിത്, റഹീസ് എന്നിവർ അടങ്ങിയ സംഘമാണെന്നും പൊലീസിനോട് പറഞ്ഞിരുന്നു.
ബാസിത്താണ് പരാതിക്കാരനായ ഹരിദാസന്‍റെ മകന്‍റെ ഭാര്യക്ക് ജോലി ആവശ്യമുണ്ടെന്ന കാര്യം പ്രതികളിൽ ഒരാളായ ലെനിൻ രാജിനെ അറിയിച്ചത്. അതേസമയം, സെക്രട്ടേറിയറ്റ് പരിസരത്ത് വച്ച് അഖിൽ സജീവിന് താൻ പണം നൽകിയെന്ന ഹരിദാസന്‍റെ വാദം പൊളിഞ്ഞതോടെയാണ് ഹരിദാസനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നടപടിയിലേക്ക് കന്‍റോണ്‍മെന്‍റ് പൊലീസ് കടക്കുന്നത്. എന്നാൽ, താൻ ആരോഗ്യപരമായ കാരണങ്ങളാലാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്നും ഒളിവിൽ പോയിട്ടില്ലെന്നും ഹരിദാസൻ കന്‍റോൺമെന്‍റ് പൊലീസിനെ അറിയിച്ചിരുന്നു.
സംഭവം ഇങ്ങനെ : ആയുഷ്‌മാന്‍ കേരള പദ്ധതിയില്‍ ഡോക്‌ടറായി മരുമകള്‍ക്ക് നിയമനം നല്‍കാമെന്ന് പറഞ്ഞ് പത്തനംതിട്ടയിലെ മുന്‍ സിഐടിയു ജില്ല ഓഫിസ് സെക്രട്ടറിയായ അഖില്‍ സജീവും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും ചേര്‍ന്ന് പല തവണയായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു മലപ്പുറം സ്വദേശി ഹരിദാസന്‍ കുമ്മാളിയുടെ പരാതി. മകന്‍റെ ഭാര്യയ്‌ക്ക് മെഡിക്കല്‍ ഓഫിസര്‍ നിയമനം തരപ്പെടുത്തി നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌ത് പണം വാങ്ങിയെന്നാണ് ആരോപണം. ഇക്കൊല്ലം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിൽ നടന്ന തട്ടിപ്പ് സംബന്ധിച്ച് സെപ്‌റ്റംബര്‍ 10ന് മന്ത്രി വീണ ജോര്‍ജിന് പരാതി നല്‍കിയിരുന്നു. എന്നാൽ, പൊലീസ് നടപടി ആവശ്യപ്പെട്ട് സെപ്റ്റംബർ 23നാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പരാതി ഡിജിപിക്ക് കൈമാറിയത്.
'കേസിൽ ഒരു ബന്ധവുമില്ല'; അഖിൽ സജീവ്: കേസിൽ ഒരു ബന്ധവുമില്ലെന്നാണ് അഖിൽ സജീവ് പൊലീസിനോട് പറഞ്ഞത്. പരാതിക്കാരനായ ഹരിദാസിനെ കണ്ടിട്ടില്ല. പണം തട്ടിയത് ബാസിത്, റഹീസ് എന്നിവർ അടങ്ങിയ സംഘമാണ് എന്നും അഖിൽ സജീവ് പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.
ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫായ അഖില്‍ മാത്യുവിന്‍റെ പേര് താൻ ആരോടും പറഞ്ഞിട്ടില്ല. പരാതിക്കാരനായ ഹരിദാസിനെ നേരിട്ട് കണ്ടില്ലെന്നും അഖിൽ സജീവ് പറഞ്ഞു. എന്നാൽ, താൻ നിരവധി പേരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും അഖിൽ സജീവ് പൊലീസിന്‍റെ പ്രാഥമിക ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സിഐടിയു പത്തനംതിട്ട ജില്ല കമ്മറ്റി ഓഫിസിലെ ഫണ്ട് വെട്ടിച്ച കേസിലും സ്‌പൈസസ് ബോര്‍ഡില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് നാലര ലക്ഷം രൂപ തട്ടിയ കേസിലും അഖില്‍ സജീവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു.