തിരുവനന്തപുരം:സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്കുള്ള കൊവിഡ് വാക്‌സിനേഷൻ വേഗത്തിലാക്കാൻ ആരോഗ്യ മന്ത്രി കെകെ ഷൈലജയുടെ നിർദേശം. ആപ്പിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവർ വാക്‌സിൻ എടുക്കുന്നതിനുള്ള തീയതി, സ്ഥലം എന്നിവയടങ്ങുന്ന മൊബൈൽ സന്ദേശത്തിന് അനുസരിച്ച് വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തിച്ചേരണം. ഏതെങ്കിലും വിധത്തിലുള്ള അസൗകര്യം ഉണ്ടെങ്കിൽ വാക്‌സിനേഷൻ കേന്ദ്രത്തിൽ മുൻകൂട്ടി അറിയിക്കേണ്ടതാണ്.
സർക്കാർ, സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കാണ് ആദ്യഘട്ട കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകുന്നത്. രണ്ടാം ഘട്ട വാക്‌സിനേഷൻ ആരംഭിക്കുന്നതിന് മുൻപായി എല്ലാ ആരോഗ്യപ്രവർത്തകരും വാക്‌സിൻ സ്വീകരിക്കണം. വാക്‌സിൻ ലഭിക്കുന്നതിനുള്ള അവസരം വൈകുന്നതിനുള്ള സാധ്യത ഒഴിവാക്കാനായി മൊബൈൽ സന്ദേശം ലഭിച്ച ദിവസം തന്നെ കേന്ദ്രത്തിൽ എത്തണമെന്നും മന്ത്രി അറിയിച്ചു.