തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ആരോഗ്യവിദഗ്ധർ. കേരളത്തിലെ കൊവിഡ് സാഹചര്യം വിലയിരുത്താനും മാർഗനിർദേശങ്ങൾ നൽകുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന ഓണ്‍ലൈൻ യോഗത്തിലാണ് വിദേശത്ത് നിന്നുൾപ്പെടെയുള്ള വിദഗ്ധരുടെ അഭിപ്രായം.
രോഗികളുടെ വർധനവിൽ ആശങ്കപ്പെടേണ്ടതില്ല
ആദ്യ നാൾ മുതൽ കേരളം സ്വീകരിച്ചുവരുന്ന പ്രതിരോധ മാർഗങ്ങൾ ഫലപ്രദമാണ്. ഐസിഎംആർ നടത്തിയ സെറോ പ്രിവലൻസ് സർവേ ഫലത്തിൽ ഏറ്റവും കുറച്ചുപേർക്ക് രോഗം പകർന്ന സംസ്ഥാനമാണ് കേരളമെന്ന് കണ്ടെത്തിയിരുന്നു. മരണ നിരക്ക് കുറച്ചുനിർത്താനും കഴിഞ്ഞു. ഇത് പ്രതിരോധ പ്രവർത്തനങ്ങളുടെ വിജയമാണ്.
ഇപ്പോഴുണ്ടാകുന്ന രോഗികളുടെ വർധനവിൽ ആശങ്കപ്പെടേണ്ടതില്ല. വാക്സിനേഷൻ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നതിനാൽ അധികം വൈകാതെ രോഗവ്യാപന തോത് നിയന്ത്രിതമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
കേരളം കൂടുതൽ തുറക്കാം
ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞത് രോഗബാധ അപകടകരമാകാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്നതിൻ്റെ സൂചനയാണ്. അതിനാൽ കൂടുതൽ ഇളവുകളെകുറിച്ച് സംസ്ഥാനം ആലോചിക്കണമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
സാമ്പത്തിക-സാമൂഹിക മേഖലകളെ കൂടുതൽ സജീവമാക്കാനുള്ള ആലോചനകൾ അത്യാവശ്യമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ടും ഗൗരവതരമായ ചർച്ച നടന്നു. ഇന്ത്യയിൽ ഏറ്റവും നന്നായി കൊവിഡ് ഡാറ്റാ കൈകാര്യം ചെയ്യുന്ന സംസ്ഥാനം കേരളമാണെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
ക്രിയാത്മക നിർദേശങ്ങളാലും വ്യത്യസ്ത നിരീക്ഷണങ്ങളാലും സമ്പന്നമായ ചർച്ച സംസ്ഥാനത്തിൻ്റെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുമെന്ന് യോഗശേഷം മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ ഊന്നൽ നൽകി ഈ ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ALSO READ:സംസ്ഥാനത്ത് വീണ്ടും കുതിച്ചുയര്‍ന്ന് COVID 19 ; 32,803 പേര്‍ക്ക് രോഗം, 173 മരണം
ഡോ. ഭരത് പങ്കാനിയ (സീനിയർ ക്ലിനിക്കൽ ലെക്ച്ചറർ , യൂണിവേഴ്സിറ്റി ഓഫ് എക്സിറ്റർ മെഡിക്കൽ സ്കൂൾ, യുകെ), ഡോ. ഡേവിഡ് പീറ്റേഴ്സ് (എഡ്ഗർ ബർമൻ ചെയർ ഇൻ ഇന്റർനാഷണൽ ഹെൽത്ത്, ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി, യുഎസ്എ), ഡോ. ദേവി ശ്രീധർ (ചെയർ ഓഫ് ഗ്ലോബൽ പബ്ലിക് ഹെൽത്ത് അറ്റ് ദി യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗ്), ഡോ. അജയ് മഹൽ (പ്രൊഫസർ ഓഫ് ഹെൽത്ത് എകോണമിക്സ് ആൻ്റ് ഗ്ലോബൽ ഹെൽത്ത് സിസ്റ്റംസ് റിസർച്ച്, യൂണിവേഴ്സിറ്റി ഓഫ് മെൽബൺ), ഡോ. സാങ്സുപ് റ (ചെയർ ഓഫ് ദി എഡ്യൂക്കേഷൻ സെക്ടർ ഗ്രൂപ്പ് - എഡിബി), ഡോ. ഡേവിഡ് വിൽസൺ (വേൾഡ് ബാങ്ക് , ടീം ലീഡർ ഫോർ കൊവിഡ് -19), ഡോ. ആർ. ആർ. ഗംഗാഖേദ്കർ (ഹെഡ് എപ്പിഡമോളജി - ഐസിഎംആർ - റിട്ടയേർഡ്), ഡോ. അനുരാഗ് അഗർവാൾ, (ഡയറക്ടർ - ഐജിഐബി, സിഎസ്ഐആർ, ന്യൂഡൽഹി), ഡോ. ജേക്കബ് ജോൺ (റിട്ട. പ്രൊഫസർ ഓഫ് ക്ലിനിക്കൽ വൈറോളജി - സിഎംസി വെല്ലൂർ), ഡോ. സഞ്ജയ് പൂജാരി (ഡയറക്ടർ ആന്റ് ചീഫ് കൺസൽട്ടന്റ് - ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ്, പൂനെ), ഡോ. ഗിരിധർ ബാബു, ഡോ. ഷാഹിദ് ജമീൽ, ഡോ. സ്വരൂപ് സർക്കാർ, മുരളി തുമ്മാരുകുടി, ഡോ. ചാന്ദ്നി, ഡോ. അനൂപ് വാര്യർ, ഡോ. അശ്വതി എസ്, ഡോ. ബിജു സോമൻ, ഡോ. രാജലക്ഷ്മി, ഡോ. ഫാസിൽ അബൂബക്കർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
യോഗത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ്, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, ആരോഗ്യ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ എന്നിവരും സംസാരിച്ചു.