തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയതായി മന്ത്രി വീണ ജോര്‍ജ് അറിയിച്ചു (Health Department Warning On Viral Fever. പകര്‍ച്ചപ്പനികള്‍ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ബദല്‍ ക്രമീകരണം ഒരുക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലപ്പുഴ കുട്ടനാട് അടിയന്തര സാഹചര്യം നേരിടുന്നതിന് വെള്ളത്തില്‍ സഞ്ചരിക്കുന്ന മൂന്ന് മൊബൈല്‍ ഫ്‌ളോട്ടിങ് ഡിസ്‌പെന്‍സറികള്‍, വാട്ടര്‍ ആംബുലന്‍സ് എന്നിവ സജ്ജമാക്കിയിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി.
മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിയ്ക്കും (Dengue Fever) എലിപ്പനിയ്ക്കും (Rat Fever) സാധ്യതയുണ്ട്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊതുകിന്‍റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം.
എലിപ്പനിയ്‌ക്കെതിരെയുള്ള പ്രതിരോധം പ്രധാനമാണ്. ചെളിയിലോ മലിന ജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിന്‍ കഴിക്കേണ്ടതാണ്. വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ.
ആഹാരവും വെള്ളവും അടച്ച് സൂക്ഷിക്കണം. പഴകിയ ആഹാരങ്ങൾ കഴിവതും ഒഴിവാക്കുക. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യം. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല. എത്രയും വേഗം ആശുപത്രിയിൽ ചികിത്സ തേടേണ്ടതാണെന്നും ആരോഗ്യ വകുപ്പ് (Health Department) അറിയിച്ചു. എല്ലാ ജില്ലകളിലും ജില്ല ആശുപത്രികളിൽ പനി ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ രാജ്യത്തുടനീളം ഡെങ്കിപ്പനി നിരക്ക് ക്രമാതീതമായി ഉയരുകയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അതിനാൽ ഡെങ്കിപ്പനിക്കെതിരെ കനത്ത ജാഗ്രത നിർദേശവും നേരിടാനുള്ള പ്രത്യേക പരിപാടികളും ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്‌തു വരികയാണ്. സംസ്ഥാനത്ത് മഴ തുടരുന്നതിനനുസരിച്ച് പകർച്ചപ്പനിക്ക് സാധ്യത കൂടുതലാണെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ.