തിരുവനന്തപുരം: ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നത് സംബന്ധിച്ച് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്‌ടര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അന്വേഷണത്തിനും നടപടിക്കും ഉത്തരവിട്ടു. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ ഡോ. വി മീനാക്ഷിക്ക് മന്ത്രി നിര്‍ദേശം നല്‍കി. പൊതുജനാരോഗ്യ സംരക്ഷണത്തിലും ഭക്ഷ്യ സുരക്ഷയിലും സര്‍ക്കാര്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതിനെ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലെയും ഭക്ഷ്യവസ്‌തുക്കള്‍ കൈകാര്യം ചെയ്യുന്ന മുഴുവന്‍ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണം എന്നായിരുന്നു ആരോഗ്യ വകുപ്പിന്‍റെ നിർദേശം. എന്നാൽ ആവശ്യമായ ഫിസിക്കല്‍ എക്‌സാമിനേഷനോ മറ്റ് യാതൊരുവിധ പരിശോധനകളോ ഇല്ലാതെ ജനറൽ ആശുപത്രിയിലെ ആര്‍എംഒ ഡോക്‌ടര്‍ വി അമിത് കുമാര്‍ പണം കൈപ്പറ്റി ഹെൽത്ത് കാർഡ് യഥേഷ്‌ടം നൽകുന്നു എന്ന മാധ്യമ വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രി സംഭവത്തിൽ അന്വേഷണത്തിനും നടപടിക്കും ഉത്തരവിട്ടത്.
നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി ഹെല്‍ത്ത് കാര്‍ഡ് വിതരണം: എല്ലാ തരത്തിലുമുള്ള ആരോഗ്യ പരിശോധനക്ക് ശേഷം മാത്രമേ ഹോട്ടൽ ജീവനക്കാർക്ക് ഹെല്‍ത്ത് കാർഡ് നൽകാവൂ എന്നാണ് വ്യവസ്ഥ. എന്നാൽ ഈ വ്യവസ്ഥകളെല്ലാം കാറ്റിൽ പറത്തിയാണ് ആര്‍എംഒ ഹെൽത്ത് കാർഡ് നൽകുന്നത്. ഡോക്‌ടറുടെ നിര്‍ദേശ പ്രകാരം ശാരീക പരിശോധന, കാഴ്‌ച ശക്തി പരിശോധന, ത്വഗ് രോഗങ്ങള്‍, വ്രണം, മുറിവ് എന്നിവയുണ്ടോ എന്ന് നോക്കാനുള്ള പരിശോധന, വാക്‌സിന്‍ എടുത്തിട്ടുണ്ടോ എന്ന പരിശോധന, പകര്‍ച്ച വ്യാധികള്‍ ഉണ്ടോ എന്നറിയാനുളള രക്ത പരിശോധന, സര്‍ട്ടിഫിക്കറ്റില്‍ ഡോക്‌ടറുടെ ഒപ്പും സീലും എന്നീ കടമ്പകൾക്ക് ശേഷം മാത്രം ഹെൽത്ത് കാർഡ് നൽകണം എന്നാണ് നിർദേശത്തില്‍ പറയുന്നത്. എന്നാൽ ഈ നിർദേശങ്ങളൊന്നും പാലിക്കപ്പെടുന്നില്ല എന്നതാണ് വസ്‌തുത.
അതേസമയം ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ കടകൾ പൂട്ടുമെന്നാണു സർക്കാരിന്‍റെ മുന്നറിയിപ്പ്. കാർഡ് എടുത്തെന്ന് ഉറപ്പാക്കിയ ശേഷമേ തുറക്കാൻ അനുമതി നൽകൂ. ഇതിന് ഭക്ഷ്യ സുരക്ഷ കമ്മിഷണറുടെ അനുമതിയും വേണം.
ഹോട്ടല്‍ തുറക്കണമെങ്കില്‍ ഹെല്‍ത്ത് കാര്‍ഡ്: സംസ്ഥാനത്തിന്‍റെ പലഭാഗത്തും ഭക്ഷ്യ വിഷബാധയും തുടര്‍ന്നുള്ള മരണവും തുടർച്ചയായി റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിലാണ് ഹെൽത്ത് കാർഡ് നിർബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിട്ടത്. സംസ്ഥാനത്ത് 6 ലക്ഷത്തോളം ഭക്ഷ്യോത്‌പന്ന വിതരണ, വിൽപന കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഹോട്ടൽ, റസ്റ്റോറന്‍റ്, ബേക്കറി വിഭാഗത്തിൽ ഒന്നര ലക്ഷത്തിലേറെ സ്ഥാപനങ്ങളാണുള്ളത്. ഇവിടെ 5 ലക്ഷത്തോളം ജീവനക്കാർ ഉണ്ട് എന്നാണ് ഭക്ഷ്യ സുരക്ഷ കമ്മിഷണറേറ്റിന്‍റെ കണക്ക്.
മൂന്നര ലക്ഷത്തോളം പേർക്ക് നേരത്തേ തന്നെ ഹെൽത്ത് കാർഡ് ഉണ്ട്. ശേഷിക്കുന്ന ഒന്നര ലക്ഷത്തിൽ ഭൂരിഭാഗവും ഇതിനകം കാർഡ് നേടിയെന്നാണു നിഗമനം. ഒരു വർഷമാണ് കാര്‍ഡിന്‍റെ കാലാവധി.