തിരുവനന്തപുരം: സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡിലുള്ള നിയമനടപടികള്‍ ഒരു മാസത്തിന് ശേഷമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഹോട്ടല്‍, റസ്റ്ററന്‍റ് സംഘടന പ്രതിനിധികളുടെ അഭ്യര്‍ഥന മാനിച്ച് എല്ലാവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കാനായി ഒരു മാസം കൂടി സാവകാശം നല്‍കിയത്. ഹെല്‍ത്ത് കാര്‍ഡ് എത്രപേര്‍ എടുത്തു എന്നത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ് ഇന്ന് മുതല്‍ പരിശോധന നടത്തും.
നേരത്തെ രണ്ട് തവണ ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിനുള്ള സമയപരിധി നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരുമാസം കൂടി സമയ പരിധി നീട്ടി നല്‍കിയതായും ഇനിയൊരു സാവകാശം ഉണ്ടായിരിക്കുന്നതല്ല എന്നും മന്ത്രി അറിയിച്ചത്. അതിനാല്‍ ഈ കാലാവധിക്കുള്ളില്‍ തന്നെ എല്ലാവരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലെയും ഭക്ഷ്യ വസ്‌തുക്കള്‍ കൈകാര്യം ചെയ്യുന്ന മുഴുവന്‍ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കേണ്ടതാണ്. ഒരു വര്‍ഷമാണ് ഹെല്‍ത്ത് കാര്‍ഡിന്‍റെ കാലാവധി. കാര്‍ഡിനായി ശാരീരിക പരിശോധന, കാഴ്‌ച ശക്തി പരിശോധന, ത്വഗ് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന് അറിയാനുള്ള പരിശോധന എന്നിവ നടത്തി രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്‌ടീഷണറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
വാക്‌സിനുകള്‍ എടുത്തിട്ടുണ്ടോ, പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധനയും നടത്തണം. സംസ്ഥാനത്ത ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് മരണങ്ങള്‍ ഉണ്ടാകുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിവിധ ഇടങ്ങളില്‍ വൃത്തിയില്ലാത്ത രീതിയില്‍ ഭക്ഷണം പാകം ചെയ്യുന്നത് ശ്രദ്ധയില്‍ പെടുകയും ചെയ്‌തതോടെയാണ് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് സംബന്ധിച് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദേശം ഇറക്കിയത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുകയും ഭക്ഷ്യ വസ്‌തുക്കള്‍ സൂക്ഷിക്കുകയും ചെയ്‌തിരുന്ന പല ഹോട്ടലുകളും ആരോഗ്യ വകുപ്പ് അടപ്പിച്ചു.