എറണാകുളം: താനൂര്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിക്കൊപ്പം പിടിയിലായ മന്‍സൂറിന് ജയിലില്‍ ക്രൂര മര്‍ദനമേറ്റെന്ന പിതാവിന്‍റെ പരാതിയില്‍ ജയില്‍ ഡിജിപിയോട് വിശദീകരണം തേടി ഹൈക്കോടതി. വിഷയത്തില്‍ ചൊവ്വാഴ്‌ച (സെപ്‌റ്റംബര്‍ 5) റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. കഴിഞ്ഞ ദിവസമാണ് മന്‍സൂറിന്‍റെ പിതാവ് കെ.വി അബൂബക്കർ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
മയക്ക് മരുന്ന് കൈവശം വച്ചെന്ന് സമ്മതിപ്പിക്കാനായി മകന് ജയില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ക്രൂര മര്‍ദനം ഏറ്റെന്നും ചികിത്സ നല്‍കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. മകന്‍റെ ശരീരമാസകലം മര്‍ദനമേറ്റതിന്‍റെ പരിക്കുണ്ടെന്നും ജയിലില്‍ നടക്കുന്നത് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നും പിതാവ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ജയില്‍ സൂപ്രണ്ടിന് പരാതി നല്‍കിയിട്ടും സ്വീകരിച്ചില്ലെന്നും മകന് ചികിത്സ നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കണമെന്നും ജയിലിലുണ്ടാകുന്ന മര്‍ദനത്തില്‍ അന്വേഷണം നടത്തണമെന്നും പിതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.