തിരുവനന്തപുരം: ഭരണത്തിന്‍റെ തണലിലാണ് ടിപി വധക്കേസ് പ്രതികൾ കേരളത്തിലേക്ക് തോക്ക് കടത്തിയതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. തോക്ക് കടത്തിയെന്ന കേസിൽ കർണാടക പൊലീസ് ടിപി വധക്കേസിലെ നാലാം പ്രതി ടികെ രജീഷിനെ കണ്ണൂർ സെൻട്രൽ ജയിലിലെത്തി കസ്റ്റഡിയിലെടുത്തത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. കേരളത്തെ ആയുധപ്പുരയാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
കേരള പൊലീസായിരുന്നു നടപടിയെടുക്കേണ്ടത്. ഈ നടപടിയാണ് ഇപ്പോൾ കർണാടക പൊലീസ് സ്വീകരിച്ചിട്ടുള്ളത്. തോക്കുകളും ബോംബുകളും ശേഖരിച്ച് കേരളത്തെ ആയുധപ്പുരയാക്കുമ്പോൾ ടിപി വധക്കേസ് പ്രതികളുടെ സംരക്ഷകനായി തുടരുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഗുണ്ടകൾക്ക് സ്വർണക്കടത്തും മയക്കുമരുന്ന് ഇടപാടും രാഷ്ട്രീയ എതിരാളികളെ നേരിടാനുമാണ് തോക്കുകളും ബോംബുകളും ശേഖരിക്കുന്നതെന്ന് വേണം കരുതാൻ. മുഖ്യമന്ത്രിയായി പിണറായി വിജയൻ അധികാരമേറ്റ ശേഷം ടിപി വധക്കേസ് പ്രതികൾക്ക് ജയിലിൽ ലഭിക്കുന്ന സൗകര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.
മൊബൈല്‍ ഫോൺ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഇവർക്ക് ജയിലിൽ ലഭിച്ചിട്ടുള്ളത്. ബ്ലൂടൂത്ത് ഹെഡ്സെറ്റും മൊബൈൽ ഫോണും അടക്കമാണ് കൊടി സുനിയുടെ കൈയിൽ നിന്നും പിടികൂടിയിട്ടുള്ളത്. മദ്യവും മയക്കുമരുന്നും സുലഭമായി ഇവർക്ക് ലഭിക്കുന്നുവെന്ന ആക്ഷേപവുമുണ്ട്. ജയില്‍ സൂപ്രണ്ടിന്‍റെ ഓഫിസ് ജോലികൾക്കായി സഹായികളായാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. ആഭ്യന്തര വകുപ്പും പൊലീസും നൽകുന്ന റിപ്പോർട്ടുകളുടെ പുറത്ത് ഇവർക്ക് യഥേഷ്‌ടം പരോൾ ലഭിച്ച് പോരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
'ടിപി കേസില്‍ ശിക്ഷിക്കപ്പെട്ടത് 12 സിപിഎമ്മുകാർ': ജയിൽ വാസം അനുഭവിക്കുമ്പോൾ നിയമ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടാൽ നിശ്ചിത കാലത്തേക്ക് പരോൾ നല്‍കരുതെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ, ഇവർക്ക് ഈ വ്യവസ്ഥകൾ ഒന്നും ബാധകമല്ല. ടിപി വധക്കേസിലെ മൂന്നാം പ്രതി കൊടി സുനി ജയിലിലിരുന്ന് തന്നെ ക്വട്ടേഷൻ പരിപാടികൾ ആസൂത്രണം ചെയ്യുന്നു. സ്വർണക്കടത്ത് സംഘത്തെ ഭീഷണിപ്പെടുത്തിയതിന് കൊടി സുനിക്കെതിരെ പൊലീസ് കേസും നിലനിൽക്കുകയാണ്. രണ്ടാം പ്രതിയായ കിർമാണി മനോജ് വയനാട്ടിലെ ലഹരി പാർട്ടിയിൽ പൊലീസ് പിടിയിലായതാണ്.
കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ അഞ്ചാം പ്രതി ഷാഫിയെ കസ്റ്റംസ് ജയിലിലെത്തി ചോദ്യം ചെയ്യുകയാണുണ്ടായത്. മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും സംരക്ഷണത്തിൽ ഇവർ ജയിലിൽ അഴിഞ്ഞാടുകയാണ്. ഇവർക്കെതിരെയുള്ള കേസുകളും മരവിപ്പിച്ചു. ഇപ്പോഴത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്താണ് ടിപി ചന്ദ്രശേഖരനെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ 12 സിപിഎമ്മുകാർ ശിക്ഷിക്കപ്പെട്ടു.
എന്നാൽ, ടിപി ചന്ദ്രശേഖരനെ കൊല്ലാൻ നിർദേശിച്ചവർ ഇപ്പോഴും ഇരുട്ടിന്‍റെ മറവിൽ തുടരുന്നു. ഇരുട്ടിൽ തുടരുന്ന ഇവരെ കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്ന യുഡിഎഫ് സർക്കാരിന്‍റെ ശുപാർശ പിന്നീട് വന്ന പിണറായി സർക്കാർ തള്ളിക്കളഞ്ഞു. ഇവരുമായി പിണറായി വിജയന് അഭേദ്യമായ ബന്ധമാണുള്ളത്. അതുകൊണ്ടാണ് കേരളത്തിലേക്ക് ആയുധം കടത്തിയിട്ടും പിണറായി വിജയൻ ഇവരെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.