തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്ത് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ അതിഥി തൊഴിലാളികൾ തിരക്കു കൂട്ടുമ്പോഴും കേരളത്തില്‍ തന്നെ തുടരാനാഗ്രഹിക്കുന്ന അതിഥി തൊഴിലാളികളും കുറവല്ല. കേരളം സുരക്ഷിതമാണെന്ന കാഴ്‌ചപ്പാടിനൊപ്പം തൊഴിൽ ലഭ്യതയും ഇവിടെ തുടരാന്‍ പ്രേരിപ്പിക്കുന്നു. നാട്ടിലെത്തിയാൽ തൊഴിൽ ലഭിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഇവിടെ ലഭിക്കുന്ന ശമ്പളം ലഭിക്കുകയുമില്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് ഭീഷണിയുണ്ട്. അതുകൊണ്ടു തന്നെ ജന്മനാടായ അസമിലേക്ക് ഇപ്പോൾ മടങ്ങുന്നില്ലെന്നാണ് തിരുവനന്തപുരത്ത് തൊഴില്‍ തേടിയെത്തിയ കഞ്ചൻ ചന്ദ്ര ദാസ് പറയുന്നത്.
ലോക്ക് ഡൗൺ കാലത്ത് കേരളത്തിന്‍റെ കരുതലും ഇവർക്ക് സുരക്ഷിതത്വം നല്‍കുന്നു. എന്നാൽ ലോക്ക് ഡൗണിൽ ഇളവ് ഇല്ലാതെ ചില മേഖലകളിൽ പ്രവർത്തനം തുടങ്ങാത്തതിനാൽ ഇവർക്ക് തൊഴിലെടുക്കാന്‍ കഴിയുന്നില്ല. 'അന്യസംസ്ഥാന തൊഴിലാളി'കളില്‍ നിന്നും 'അതിഥി തൊഴിലാളി'കളായി മാറുമ്പോൾ കേരളത്തിന്‍റെ സ്‌നേഹത്തിനും കരുതലിനും നന്ദി പറയുകയാണ് ഇവര്‍.