തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വീണ്ടും വിഛേദിച്ചു. സ്റ്റേഡിയത്തിലെ ഇലക്ട്രിക് പാനലിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷ പരിഗണിച്ചാണ് നടപടി. ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20 മത്സരം നടക്കാൻ ഒരാഴ്‌ച മാത്രം ബാക്കിനിൽക്കെ സ്റ്റേഡിയത്തിലെ ഇലക്ട്രിക് പാനൽ തകരാർ ആശങ്ക പരത്തുകയാണ്.
2.36 കോടി രൂപയുടെ വൈദ്യുതി കുടിശിക അടയ്ക്കാത്തത് ചൂണ്ടിക്കാട്ടി മുമ്പും കെഎസ്ഇബി സ്റ്റേഡിയത്തിലെ ഫ്യൂസ് ഊരിയ സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സംഭവത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ശ്രീജിത്ത് വി.നായർ അടക്കമുള്ളവർ കടുത്ത അതൃപ്‌തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത സംഭവം.
നിലവിലെ സാഹചര്യത്തിൽ മത്സരം വരെയുള്ള ദിവസങ്ങളിൽ ഇനി ജനറേറ്റർ ഉപയോഗിക്കാമെന്നാണ് കെസിഎയുടെ തീരുമാനം. സ്ഥിരം ആവശ്യങ്ങൾക്കായി സ്വന്തമായി ജനറേറ്റർ വാങ്ങുന്നതും കെസിഎയുടെ പരിഗണനയിലുണ്ട്. ഹൈടെൻഷൻ ലൈനിൽ നിന്നുള്ള കണക്ഷൻ നൽകുന്നതിനിടെ സ്റ്റേഡിയത്തിലെ ഇലക്ട്രീഷ്യൻ സുധീഷിനെ ഷോക്കേറ്റിരുന്നു. തുടർന്ന് കെഎസ്ഇബി എൻജിനീയറിങ് വിഭാഗം നടത്തിയ പരിശോധനയിലാണ് തകരാർ കണ്ടുപിടിച്ചത്. ഇത് മാറ്റി സ്ഥാപിക്കുന്നതിന് 2 ലക്ഷം രൂപയെങ്കിലും ചെലവ് വരും.
സെപ്റ്റംബർ 28ന് രാത്രി 7.30 മുതലാണ് ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20 മത്സരം. മത്സരത്തിനായി ഇരു ടീമുകളും 26ന് തിരുവനന്തപുരത്തെത്തും. കോവളത്തെ ലീല റാവിസ് ഹോട്ടലിലാണ് താരങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.