തിരുവനന്തപുരം: ഹരിത വായ്‌പ വിദേശ വായ്‌പയല്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. നേരിട്ടുള്ള വായ്‌പയായോ ഗ്രീൻ ബോണ്ടായോ 1100 കോടി രൂപ സമാഹരിക്കാൻ കിഫ്ബിയുടെ ജനറൽ ബോഡി തത്വത്തിൽ അംഗീകാരം നൽകിയതായും മന്ത്രി വ്യക്തമാക്കി.
ഹരിത വായ്പയായി പണം ലഭിക്കാൻ ഇന്‍റർനാഷണൽ ഫിനാൻഷ്യൽ കോർപ്പറേഷന് (ഐഎഫ്സി) അപേക്ഷ നൽകും. ഐഎഫ്സി ലോകബാങ്കിന്‍റെ സബ്സിഡിയറി ആണ്. ഇന്ത്യയിലാണ് വായ്പ അനുവദിക്കുന്നത്. അതിനാൽ ആർബിഐയുടെ മുൻകൂട്ടിയുള്ള അനുമതി ആവശ്യമില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.
ഐഎഫ്സിയുമായുള്ള ചർച്ചകൾക്കൊടുവിൽ കിഫ്ബി ഔപചാരിക അപേക്ഷ സമർപ്പിക്കുമ്പോൾ കേന്ദ്ര ധനകാര്യ വകുപ്പിന്‍റെ അനുമതി വാങ്ങുക ഐഎഫ്സിയുടെ ചുമതലയാണ്. സംസ്ഥാന സർക്കാരിനാണ് ലോകബാങ്കിന്‍റെ വായ്പ ലഭിക്കുന്നതെങ്കിൽ സംസ്ഥാന സർക്കാരാണ് അനുമതി വാങ്ങേണ്ടത്. ലോകബാങ്കും ഐഎഫ്സിയും കിഫ്ബിയെ സംസ്ഥാനസർക്കാരായി കരുതുന്നില്ല. കിഫ്ബി ഒരു ബോഡി കോർപ്പറേറ്റോ സബ്സോവറിൻ സ്ഥാപനമോ ആണെന്നാണ് അവരുടെ വിലയിരുത്തൽ. അതുകൊണ്ടാണ് അനുവാദം വാങ്ങേണ്ട ചുമതല അവർ തന്നെ ഏറ്റെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വായ്പയ്ക്ക് സമർപ്പിക്കുന്ന പദ്ധതികൾ, വ്യവസ്ഥകൾ, പലിശ തുടങ്ങിയവ വിശദമായി കിഫ്ബിക്ക് സമർപ്പിച്ച ശേഷമേ അവസാന തീരുമാനമെടുക്കൂ. കുട്ടനാട് പരിസ്ഥിതി പുനഃസ്ഥാപനത്തിലുള്ള രണ്ടാം പാക്കേജ്, കാർബൺ ന്യൂട്രൽ വയനാട്, തീരദേശ സംരക്ഷണവും പുനരധിവാസവും, സിഎൻജി/ ഇലക്ട്രിക് ബസുകൾ, ഹരിത കെട്ടിടങ്ങൾ തുടങ്ങിയ പദ്ധതികൾ ഈ വായ്പയുമായി ബന്ധപ്പെടുത്തി പരിഗണിക്കുമെന്നും ധനമന്ത്രി പറഞ്ഞു.