തിരുവനന്തപുരം: മൃഗശാലയിലെ കൂട്ടില്‍ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ മരത്തിന്‍റെ മുകളില്‍ നിന്നും കാണാതായി. മ്യൂസിയം വളപ്പിലെ കൂറ്റൻ മരത്തിൽ തമ്പടിച്ചിരുന്ന കുരങ്ങിനെ ഇന്ന് രാവിലെ മുതലാണ് കാണാതായത്. മൃഗശാലയ്ക്ക് അകത്തും പുറത്തും കുരങ്ങിനായി തെരച്ചിൽ നടക്കുകയാണ്.
അമലമുക്ക്, കുറവൻകോണം, നന്ദൻകോട് ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് കുരങ്ങിനായി ജീവനക്കാർ തെരച്ചിൽ നടത്തുന്നത്. ശ്രീ വെങ്കിടേശ്വര പാര്‍ക്കില്‍ നിന്നെത്തിച്ച ഹനുമാന്‍ കുരങ്ങ് ജൂണ്‍ 13നാണ് കൂട്ടില്‍ നിന്നും ചാടിപ്പോയത്. സംഭവത്തിന് പിന്നാലെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. എന്നാല്‍ തൊട്ടടുത്ത ദിവസം തിരികെ മൃഗശാലയിലെത്തിയ കുരങ്ങ് കൂറ്റന്‍ മരത്തിന് മുകളില്‍ തമ്പടിച്ചിരുന്നു.
കുരങ്ങിനെ താഴെയിറക്കാന്‍ കഴിയാത്തതോടെ മയക്കുവെടി വച്ച് പിടികൂടാമെന്ന അഭിപ്രായവും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ മയക്കുവെടി വച്ച് കുരങ്ങിനെ പിടികൂടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയും വ്യക്തമാക്കിയിരുന്നു. ഇണയായ ആൺ കുരങ്ങിനെ കാണിച്ച് പെൺ കുരങ്ങിനെ താഴെയിറക്കാനുള്ള ശ്രമവും പരാജയപ്പെട്ടു.
കുരങ്ങിനെ പ്രകോപിപ്പിക്കാതെ തനിയെ താഴെയിറക്കാനായിരുന്നു അധികൃതരുടെ ശ്രമം. എന്നാൽ ഇതിനിടെയാണ് കുരങ്ങ് വീണ്ടും രക്ഷപ്പെട്ടത്. കുരങ്ങ് തമ്പടിച്ച മരത്തിന്‍റെ ചുവട്ടിൽ ഇഷ്‌ട ഭക്ഷണമടക്കം ഒരുക്കിയിരുന്നു. എന്നാൽ ഇത് എടുക്കാൻ പോലും കുരങ്ങ് കൂട്ടാക്കിയിട്ടില്ല.
കാണാതായ കുരങ്ങിനായി ബൈനോക്കുലറിന്‍റെ സഹായത്തോടെയാണ് ജീവനക്കാർ തെരച്ചിൽ നടത്തുന്നത്. നേരത്തെ മരത്തിന് മുകളിൽ തമ്പടിച്ച കുരങ്ങിനെ നിരീക്ഷിക്കാനായി പ്രത്യേകം ജീവനക്കാരെയും അധികൃതർ നിയോഗിച്ചിരുന്നു. ഇവരുടെയും കണ്ണ് വെട്ടിച്ചാണ് കുരങ്ങ് വീണ്ടും കടന്നുകളഞ്ഞത്. അതേ സമയം ഹനുമാൻ കുരങ്ങുകൾക്കൊപ്പം കൊണ്ടുവന്ന സിംഹങ്ങളെ സന്ദർശക കൂട്ടിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഇവയ്ക്ക് മന്ത്രി ജെ ചിഞ്ചുറാണി പേരിടുകയും ചെയ്‌തു.
അഞ്ച് വയസുള്ള പെൺ സിംഹത്തിന് നൈല എന്നും ആറ് വയസുള്ള ആൺ സിംഹത്തിന് ലിയോ എന്നുമാണ് മന്ത്രി പേരിട്ടത്. ഇവയ്ക്ക് പുറമെ വെള്ള മയിൽ, രണ്ട് ജോഡി കാട്ടുകോഴി എന്നിവയേയും തിരുപ്പതി ശ്രീ വെങ്കിടേശ്വര മൃഗശാലയിൽ നിന്ന് ഉടൻ എത്തിക്കും. സിംഹങ്ങളെയും ഹനുമാൻ കുരങ്ങിനെയും പ്രത്യേകം സജ്ജമാക്കിയ ലോറിയിൽ റോഡ് മാർഗമാണ് തലസ്ഥാനത്തെത്തിച്ചത്.
വിദേശ രാജ്യങ്ങളിൽ നിന്നടക്കം പുതിയ മൃഗങ്ങളെ എത്തിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. ഇതിനായുള്ള നീക്കങ്ങള്‍ ആരംഭിച്ചതായാണ് വിവരം. എന്നാൽ ജിറാഫ്, സീബ്ര ഉൾപ്പെടെയുള്ള മൃഗങ്ങളെ മൃഗശാലയിൽ എത്തിക്കണമെന്നാണ് സന്ദർശകരുടെ ആവശ്യം. അതേ സമയം കൂട് തുറന്ന് വിടുന്നതിനിടെ ഹനുമാൻ കുരങ്ങ് രക്ഷപ്പെടുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
മൃഗശാലയിൽ അവശേഷിക്കുന്ന ആൺ ഹനുമാൻ കുരങ്ങിനെ സന്ദർശക കൂട്ടിലേക്ക് മാറ്റിയിട്ടില്ല. ഇതിനെ നിരീക്ഷിച്ച് വരികയാണെന്ന് വെറ്ററിനറി ഡോക്‌ടർ അലക്‌സാണ്ടർ ജേക്കബ് ഇടിവി ഭാരതിനോട് പറഞ്ഞു. നിരീക്ഷണത്തിന് ശേഷമാകും സന്ദർശക കൂട്ടിലേക്ക് മാറ്റുക. ശേഷം പേര് നൽകുകയും ചെയ്യും.