തിരുവനന്തപുരം : പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രത്തിൽ നിന്ന് സഹായം ലഭിച്ചില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. വിലക്കയറ്റം തടയാൻ സംസ്ഥാന സർക്കാർ കൃത്യമായ നടപടി സ്വീകരിച്ചുവരികയാണ്. ഭക്ഷ്യക്കിറ്റ് വിതരണത്തിനുൾപ്പടെ 4682 കോടി രൂപ സബ്‌സിഡി നൽകിയെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
തിരുവല്ല, മാനന്തവാടി, വാഗമൺ എന്നിവിടങ്ങളിൽ സപ്ലൈകോ പെട്രോൾ പമ്പുകൾ തുടങ്ങുന്നതിന് പൊതുമേഖല എണ്ണക്കമ്പനികളുമായി ധാരണയിലെത്തിയിട്ടുണ്ട്. എല്ലാ സപ്ലൈകോ ഔട്ട് ലെറ്റുകളിലും എല്ലാ ഉത്പന്നങ്ങളും കിട്ടാത്തത് ഗുണനിലവാരത്തിൻ്റെ പേരിൽ ചില ടെൻഡറുകൾ തള്ളേണ്ട സാഹചര്യമുണ്ടായതുകൊണ്ടാണ്. ചില സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ചില ഉത്പന്നങ്ങള്‍ വിലകൂട്ടി വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ നടപടി എടുക്കും.
അനർഹരുടെ കൈവശമുണ്ടായിരുന്ന 1,82,000 ബി.പി.എൽ റേഷൻ കാർഡുകൾ സർക്കാർ തിരികെ വാങ്ങി. ഇതിൽ 1,42,000 കാർഡുകൾ അർഹർക്ക് വിതരണം ചെയ്‌തുകഴിഞ്ഞു. ശേഷിക്കുന്നവ പരിശോധനകൾക്കുശേഷം ഏപ്രിൽ മാസത്തോടെ വിതരണം ചെയ്യും. നിയോജക മണ്ഡലാടിസ്ഥാനത്തിൽ സുഭിക്ഷ ഹോട്ടലുകൾ തുടങ്ങാൻ നടപടി ആരംഭിച്ചതായും ജി.ആർ അനിൽ നിയമസഭയില്‍ വ്യക്തമാക്കി.