തിരുവനന്തപുരം : കൃത്രിമ വിലവര്‍ധനവ് സൃഷ്‌ടിക്കുന്ന ഹോട്ടലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. ഇതുസംബന്ധിച്ച് ജില്ല കലക്‌ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പി.പി ചിത്തരഞ്ജന്‍ എം.എല്‍.എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടല്‍.
ആലപ്പുഴ മണ്ഡലത്തിലെ ഹോട്ടലുകളില്‍ അമിതവില ഈടാക്കുന്നതായി ബില്ലടക്കമാണ് ചിത്തരഞ്ജന്‍ ജില്ല കലക്‌ടര്‍ക്ക് പരാതി നല്‍കിയിരുന്നത്. എം.എൽ.എയും ഡ്രൈവറും കൂടി കഴിച്ച ഭക്ഷണത്തിന് അമിത വില ഈടാക്കിയതോടെയാണ് ഹോട്ടലിനെതിരെ പരാതിയുമായി രംഗത്തുവന്നത്.
ALSO READ | മുട്ടക്കറിക്ക് 50 രൂപ, അപ്പത്തിന് 15 രൂപ ; ഹോട്ടലിനെതിരെ പരാതിയുമായി പി.പി ചിത്തരഞ്‌ജൻ എംഎൽഎ
''ഒരു മുട്ടയ്ക്കും അൽപ്പം ഗ്രേവിക്കും കൂടി 50 രൂപ. കനംകുറഞ്ഞ ഒരപ്പത്തിന് വില 15 രൂപ. സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതാണോ ഈ വില?". ഹോട്ടലിലെ ബില്ലടക്കം നല്‍കിയാണ് ആലപ്പുഴ എം.എൽ.എ പി.പി ചിത്തരഞ്‌ജന്‍ കലക്‌ടര്‍ക്ക് പരാതി നല്‍കിയത്.
കണിച്ചുകുളങ്ങരയിലെ 'പീപ്പിൾസ് റസ്റ്റോറന്‍റ് ' എന്ന ഹോട്ടലിൽ നിന്നും എം.എൽ.എയും ഡ്രൈവറും രണ്ട് മുട്ടക്കറിയും അഞ്ച് അപ്പവുമാണ് കഴിച്ചത്. ഹോട്ടലുകാർ ടാക്‌സ് ഉൾപ്പടെ 184 രൂപയുടെ ബില്ലാണ് നല്‍കിയത്.