തിരുവനന്തപുരം: കേരം തിങ്ങും കേരള നാട് കെ.ആര്‍ ഗൗരി ഭരിച്ചീടും. ഒരു തെരഞ്ഞെടുപ്പില്‍ കേരളമാകെ ഉയര്‍ന്ന മുദ്രാവാക്യമാണിത്. അത്രത്തോളം ജനസ്വാധീനമുണ്ടായിരുന്നു കെ.ആര്‍ ഗൗരിയമ്മ എന്ന രാഷ്ട്രീയ നേതാവിന്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഇ.കെ നയനാര്‍ മുഖ്യമന്ത്രിയായി എന്നത് രാഷ്ട്രീയ ചരിത്രം.
തുടക്കം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന്
ഗൗരിയമ്മയുടെ ജീവചരിത്രമെന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം കൂടിയാണ്. 1946ലാണ് സഹോദരന്‍റെ പ്രേരണയില്‍ ഗൗരിയമ്മ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്. 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഗൗരിയമ്മ സിപിഎമ്മിനൊപ്പം ഉറച്ച് നിന്നു. 1957ലെ തെരഞ്ഞെടുപ്പില്‍ തുടങ്ങുന്ന രാഷ്ട്രീയ പോരാട്ടം 46 വര്‍ഷം എംഎല്‍എയും ആറ് മന്ത്രിസഭകളിലായി 16 വര്‍ഷം മന്ത്രിയുമായി തുടര്‍ന്നു. റവന്യു, എക്‌സൈസ്, വ്യവസായം, ഭക്ഷ്യം, പൊതുവിതരണം, കൃഷി, സാമൂഹികക്ഷേമം, മൃഗസംരക്ഷണം തുടങ്ങി വ്യത്യസ്തമായ വകുപ്പുകള്‍ ഗൗരിയമ്മ കൈകാര്യം ചെയ്‌തു.
സ്വന്തമാക്കിയത് നിരവധി നേട്ടങ്ങള്‍
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായ വനിതയെന്ന റെക്കോഡും ഗൗരിയമ്മയ്‌ക്ക് തന്നെ. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പേര് ഉയര്‍ന്ന് കേട്ട 1987ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് സിപിഎമ്മും ഗൗരിയമ്മയും തമ്മിലുള്ള ബന്ധം സംഘഷത്തിലേക്ക് നയിച്ചത്. ഇ.കെ നയനാരെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തതോടെ പാര്‍ട്ടിയിലെ അവഗണന ഗൗരിയമ്മയെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. സംസ്ഥാന സമിതിയില്‍ എതിര്‍പ്പ് അറിയിച്ച് ഇറങ്ങി പോയ ഗൗരിയമ്മയെ അനുനയിപ്പിച്ച് മന്ത്രിസഭയില്‍ അംഗമാക്കി. കാരണം ഗൗരിയമ്മയെ അവഗണിച്ച് മുന്നോട്ട് പോയാല്‍ ജനങ്ങള്‍ക്ക് മുന്നില്‍ മറുപടി നല്‍കേണ്ടി വരുമെന്ന് സിപിഎമ്മിന് നന്നായി അറിയാമായിരുന്നു. വ്യവസായം, എക്സൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്‌തിരുന്ന ഗൗരിയമ്മ കള്ള് ഷാപ്പുകള്‍ അനുവദിക്കുന്നതിലെ ദൂരപരിധി കണക്കാക്കുന്നത് സംബന്ധിച്ച് തീരുമാനത്തിന്‍റെ പേരില്‍ പാര്‍ട്ടിയുമായി പിണങ്ങി. ഇതോടെ എക്‌സൈസ് വകുപ്പ് നഷ്ടമായി.
മാതൃപ്രസ്ഥാനത്തില്‍ നിന്ന് അകല്‍ച്ചയും അടുപ്പവും
മികച്ച നിയമസഭാ സാമാജികയ്‌ക്കുള്ള ബഹുമതി കിട്ടിയതിനെ തുടര്‍ന്ന് മറ്റ് രാഷ്ടീയ കക്ഷികളുടെ സ്വീകരണ യോഗത്തില്‍ പങ്കെടുത്ത് പാര്‍ട്ടിയുമായി സംഘര്‍ഷം പ്രഖ്യാപിച്ചു. യുഡിഎഫ് സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം രൂപം നല്‍കിയ സ്വാശ്രയസമിതിയില്‍ അധ്യക്ഷയുമായി. ഇത് കൂടാതെ പാര്‍ട്ടി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും ആരോപണമുയര്‍ന്നു. ഇതോടെ സിപിഎം അച്ചടക്ക നടപടിയെന്ന വാളെടുത്തു. സംസ്ഥാന സമിതിയില്‍ നിന്നും ജില്ലാ കമ്മറ്റിയിലേക്ക് തരം താഴ്ത്തി. പിന്നാലെ പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന് കണ്ടെത്തി 1994 ജനുവരി 1ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ ഗൗരിയമ്മയെന്ന പോരാട്ട വനിത തളര്‍ന്നില്ല. അതേവര്‍ഷം തന്നെ ജനാധിപത്യ സംരക്ഷണ സമിതിയെന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫില്‍ എത്തി മന്ത്രിയായി. എന്നാല്‍ അവസാന കാലത്ത് പാര്‍ട്ടിയുമായി വീണ്ടും ഗൗരിയമ്മ അടുത്തു. 22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗാരിയമ്മ രണ്ട് വര്‍ഷം മുമ്പ് എകെജി സെന്‍ററിന്‍റെ പടി ചവിട്ടി. കമ്യൂണിസ്റ്റ് ചരിത്രത്തിലെ എന്നും തിളങ്ങുന്ന വിപ്ലവ വനിതയാണ് കാലയവനികയ്ക്ക് പിന്നില്‍ മറയുന്നത്.