തിരുവനന്തപുരം: സംസ്ഥാനത്തെ ഹാൻഡ് സാനിറ്റൈസറിന്‍റെ ക്ഷാമം പരിഹരിക്കാൻ സർക്കാർ നടപടി തുടങ്ങി. വ്യവസായ വകുപ്പിന് കീഴിലുള്ള കേരള ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിനെ ഉല്‍പാദനച്ചുമതല ഏൽപ്പിച്ചതായി മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. കൊവിഡ് 19 രോഗബാധ സംസ്ഥാനത്തെ വ്യവസായ മേഖലയിൽ തകർച്ചയുണ്ടാക്കുമെന്ന് ഭയപ്പെടുന്നതായും മന്ത്രി പറഞ്ഞു.
500 മില്ലി ഗ്രാം ഹാൻഡ് സാനിറ്റൈസറിന് 125 രൂപ നിരക്കിൽ ഉത്പാദിപ്പിച്ച് മെഡിക്കൽ കോർപ്പറേഷന് കൈമാറും. 500 ബോട്ടിലുകൾ അടങ്ങുന്ന ആദ്യ ലോഡ് മെഡിക്കൽ കോർപ്പറേഷന്‍റെ തിരുവനന്തപുരം, കൊല്ലം വെയർഹൗസുകളിലേക്ക് എത്തിച്ചു. 10 ദിവസത്തിനകം ഒരുലക്ഷം ബോട്ടിലുകൾ നിർമിക്കും. ഉത്പാദനം വർധിക്കുന്നതനുസരിച്ച് വേണ്ടി വന്നാൽ സ്വകാര്യ മേഖലയ്ക്കും നൽകും. കൊവിഡ് ഭീതി വ്യവസായ മേഖലയടക്കം എല്ലാ രംഗത്തെയും ബാധിച്ചു. ദുരന്ത ഘട്ടങ്ങളിലെ സർക്കാരിന്‍റെ പ്രവർത്തനം ജനങ്ങളിൽ മികച്ച പ്രതികരണം ഉണ്ടാക്കിയിട്ടുണ്ട്. ഈ നേട്ടത്തിലുള്ള അസ്വസ്ഥതയാണ് പ്രതിപക്ഷം നിയമസഭയിൽ പ്രകടിപ്പിച്ചതെന്നും ഇ.പി ജയരാജൻ പറഞ്ഞു.